വടകര: ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യമായിരുന്നു അന്തരിച്ച എം കെ മൻസൂർ ഹാജി. വടകരയിലെയും, പരിസരപ്രദേശങ്ങളിലെയും ജീവകാരുണ്യ പ്രവർത്തനത്തിൽ നിശബ്ദ സേവകനായ അദ്ദേഹം വടകര തണലിന്റെ ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.


വടകരയിൽ നിന്നും പന്തലിച്ച തണലിന്റെ ആരംഭ കാലം മുതൽ മൻസൂർ ഹാജി നേതൃനിരയിൽ ഉണ്ടായിരുന്നു. ആലംബഹീനരെ സഹായിക്കുന്നതിൽ തണലിനൊപ്പം കൈകോർത്തു.
എല്ലാ വിഭാഗം ജനങ്ങൾക്കും അത്താണിയായി. ദാറുൽ ഇസ്ലാം സഭ കോർപ്പറേറ്റ് സ്കൂളിന്റെ മാനേജരായും, പ്രസിഡണ്ടായും തിളങ്ങിയ മൻസൂർ ഹാജി വിദ്യാഭ്യാസ രംഗത്ത് നിരവധി ഇടപെടലുകൾ നടത്തി. മികച്ചൊരു സംഘാടകൻ കൂടിയായിരുന്നു അദ്ദേഹം.
വടകര സി എച്ച് സെൻറർ പ്രസിഡണ്ട്, മുസ്ലിം ലീഗ് വടകര മുൻസിപ്പൽ ട്രഷറർ, വ്യാപാരി വ്യവസായി ഏകോപന സമിതി സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം എന്നീ സ്ഥാനങ്ങളിൽ കഴിവ് തെളിയിച്ചു. വടകരയിലെ അറിയപ്പെടുന്ന കൊപ്ര വ്യാപാരിയായ അദ്ദേഹം പ്രൊഡ്യൂസേഴ്സ് മർച്ചൻസ് അസോസിയേഷന്റെ സെക്രട്ടറി കൂടിയായിരുന്നു.
മത സാമൂഹിക രംഗങ്ങളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. എല്ലാ വിഭാഗം ജനങ്ങളോടും സൗഹൃദം സ്ഥാപിച്ച അദ്ദേഹം വലിയൊരു സുഹൃത്ത് വലയത്തിന്റെ ഉടമ കൂടിയായിരുന്നു.
മരണവാർത്തയറിഞ്ഞ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അനുശോചനം അർപ്പിക്കാൻ അദ്ദേഹത്തിന്റെ വസതിയിൽ എത്തി. കെ മുരളീധരൻ എംപി, മുസ്ലിംലീഗ് നേതാക്കളായ പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ, സി കെ സുബൈർ, എം സി വടകര, സൂപ്പി നരിക്കാട്ടേരി, നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
അടക്കാതെരു ജുമുഅത്ത് പള്ളിയിൽ നടന്ന മയ്യത്ത് നമസ്കാരത്തിന് മകൻ ജസീലും, വടകര ജുമാഅത്ത് പള്ളിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് അനുജൻ സമീർ ഹാജിയും നേതൃത്വം നൽകി.
Mansoor Haji; A silent servant in the field of philanthropy is remembered