മണിയൂർ: ഭിന്നശേഷി കലോത്സവത്തിൽ മണിയൂരിന് ഓവറോൾ കിരീടം.തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്ന ശേഷി മത്സരമായിരുന്നു സമാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 4 പഞ്ചായത്തുകളിൽ നിന്നായി ഏകദേശം 200 കുട്ടികൾ അവരുടെ സർഗാത്മക ശേഷികൾക്ക് വർണച്ചിറകുകൾ വിരിയിച്ചു.


ശാരീരികവും മാനസികവുമായ വിവിധ പ്രയാസങ്ങൾ നേരിടുന്ന ഇത്തരം കുട്ടികളെ നിരന്തരപരിശീലനത്തിലൂടെയാണ് അധ്യാപികമാരും, രക്ഷിതാക്കളും വാർത്തെടുത്തത്. എല്ലാ പരിപാടികളും ഒന്നിനൊന്ന് നിലവാരം പുലർത്തുന്നവയായിരുന്നു.
മണിയൂർ പഞ്ചായത്തിൽ മണിയൂർ സ്പെഷ്യൽ സ്കൂളിലേയും, കുറുന്തോടി തണൽ സ്കൂളിലേയും കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
കൂടാതെ കവിതാപാരായണത്തിൽ ഒന്നാം സ്ഥാനവും ലളിത ഗാനത്തിൽ രണ്ടാം സ്ഥാനവും നേടിയ ഹരി നന്ദ് എന്ന കൊച്ചു മിടുക്കനേയും പ്രത്യേകം ചടങ്ങിൽ അഭിനന്ദിച്ചു. മണിയൂർ സ്പെഷ്യൽ സ്കൂൾ അധ്യാപിക രമ്യയുടെ കഠിനമായ അധ്വാനവും ഈ നേട്ടത്തിന് പിന്നിലുണ്ട്.
ഐ.സി.ഡി.എസ്സ്. സൂപ്പർവൈസർ സ്മിത, നീതു പുതിയടത്ത്, എന്നിവർ നൽകിയ പ്രോത്സാഹനവും ഒന്നാം സ്ഥാനം നേടുന്നതിൽ മികച്ച പങ്കു വഹിച്ചു. ആകെ 53 പോയന്റ് നേടിക്കൊണ്ടാണ് മണിയൂർ പഞ്ചായത്ത് കീരീടമണിഞ്ഞത്. ഈയൊരു അഭിമാന നേട്ടത്തിൽ ആഹ്ലാദിക്കുകയാണ് മണിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി.
Overall title for Maniyur in Bhinnasheshi Kalatsavam