ആയഞ്ചേരി: (vatakaranews.in) കുരുന്നുകൾ അവതരിപ്പിക്കുന്ന കലകളിലൂടെ മാനുഷിക മൂല്യങ്ങൾ പകർന്നു നൽകാൻ കഴിയുന്നതായിരിക്കണമെന്ന് പ്രശസ്ത കവി പ്രൊഫ. എം. വീരാൻകുട്ടി പ്രസ്താവിച്ചു.


വെറുപ്പും വിദ്വേഷവും അപരന് അവമതിപ്പുളവാക്കുന്നതുമായ കാര്യങ്ങൾ കലകളിലൂടെ കുത്തിനിറക്കുന്നത് ഇന്നത്തെ സ്ഥിരം കാഴ്ചയാണ്. ഇതിൽ നിന്നും വിഭിന്നമാകണം സ്കൂൾ കലോത്സവങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടുദിവസമായി കടമേരി യു.പി. സ്കൂളിൽ നടന്ന ആയഞ്ചേരി പഞ്ചായത്ത് സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സരള കൊള്ളക്കാവിൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ പി. എം. ലതിക, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ എം. വി. ഷൈബ, ടി. കെ. ഹാരിസ്, എ. സുരേന്ദ്രൻ, സ്കൂൾ മാനേജർ പി. കെ. സുരേഷ്, പി. ടി. എ. പ്രസിഡന്റ് മുറിച്ചാണ്ടി മഹമൂദ് ഹാജി, കളത്തിൽ അബ്ദുല്ല മാസ്റ്റർ, പ്രജീന ബിജു, കിളിയമ്മൽ കുഞ്ഞബ്ദുല്ല, കണ്ണോത്ത് ദാമോദരൻ, വി. കെ. അബൂബക്കർ മാസ്റ്റർ, രഞ്ജിത്ത് മഠത്തിൽ, സി. വി. കുഞ്ഞിരാമൻ മാസ്റ്റർ, വി. കെ. ഹമീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
ഹെഡ്മാസ്റ്റർ കെ.വി. അബ്ദുസലീം സ്വാഗതവും സി.സി. കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു. മത്സരത്തിൽ ജനറൽ വിഭാഗത്തിൽ പൊന്മേരി എൽ. പി, പറമ്പിൽ ഗവ.യു. പി. എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.
പറമ്പിൽ എൽ. പി. രണ്ടാം സ്ഥാനവും കടമേരി എം.യു.പി. മൂന്നാം സ്ഥാനവും നേടി. അറബിക് സാഹിത്യോത്സവത്തിൽ കടമേരി എം.യു.പി. ഓവറോൾ കിരീടം കരസ്ഥമാക്കി.
കടമേരി സൗത്ത് എം. എൽ. പി, പൊൻമേരി എൽ. പി. എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ വിതരണം ചെയ്തു.
#Human #values #imparted #arts #Poet #Veerankutty