വടകര: (vatakaranews.in) കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ 84 പോയിന്റ് നേടി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ കോഴിക്കോട് ജില്ലയിൽ ഒന്നാമതായി.
സംസ്ഥാനത്ത് 1277 സ്കൂളുകൾ പങ്കെടുത്ത ശാസ്ത്രോത്സവത്തിൽ മേമുണ്ട സ്കൂൾ പതിമൂന്നാം സ്ഥാനം നേടി. ഒരു ഫസ്റ്റ്, രണ്ട് സെക്കന്റ്, 16 എ ഗ്രേഡ് എന്നിങ്ങനെയാണ് മേമുണ്ടയിലെ പ്രതിഭകളുടെ നേട്ടങ്ങൾ.
ആകെ 29 വിദ്യാർത്ഥികൾ ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുത്തു. ഗണിതശാസ്ത്രമേളയിൽ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ ഗണിതവിദ്യാലയമായി മേമുണ്ട സ്കൂൾ മാറി.
ശാസ്ത്രമേളയുടെ ഭാഗമായി നേരത്തെ നടന്ന ശാസ്ത്രനാടക മത്സരത്തിൽ മേമുണ്ട സ്കൂൾ ശാസ്ത്രനാടകം 'പാഠം' നാലാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കിയിരുന്നു. യാഷിൻറാം സംസ്ഥാനത്തെ മികച്ച നടനായും, ജിനോ ജോസഫ് മികച്ച തിരക്കഥക്കുള്ള അവാർഡും കരസ്ഥമാക്കി.
ഹയർസെക്കണ്ടറി വിഭാഗം പ്രവൃത്തി പരിചയമേളയിൽ വോളിബോൾ നെറ്റ് നിർമ്മാണത്തിൽ +2 വിദ്യാർത്ഥി അലൻ ജെ എസ് ഒന്നാം സ്ഥാനം നേടി.
ഗണിതശാസ്ത്ര മേളയിൽ ഹൈസ്ക്കൂൾ വിഭാഗം വർക്കിംഗ് മോഡലിൽ നജ ഫാത്തിമയും, ഹയർസെക്കണ്ടറി വിഭാഗം സ്റ്റിൽ മോഡലിൽ ഇഷ പ്രശാന്തും രണ്ടാം സ്ഥാനം നേടി.
ശാസ്ത്രമേളയിൽ ശ്രീ ജൈത്രജ് ജയറാം, നിവേദിത ദിലീപ്, ഷൈസ ഫിറോസ് എന്നിവരും, ഗണിതശാസ്ത്ര മേളയിൽ ഹരിനന്ദ്, അഭിനവ് കെ എം, അഹന്ന അമർനാഥ്, തേജലക്ഷ്മി, ദിയ എ ആർ, അരുണോദയ പി, എന്നിവരും, പ്രവൃത്തിപരിചയ മേളയിൽ ദ്രുപത് എസ്, രാധിയ എം പി എന്നിവരും, സാമൂഹ്യശാസ്ത്ര മേളയിൽ ആൻതോമസ് എം, ആകാശ് ടി, ശിവാനി പി എം, ശിവദ പി എം, ഭഗത് തെക്കേടത്ത് എന്നിവരും A ഗ്രേഡ് നേടി.
കോഴിക്കോട് ജില്ലക്കും മേമുണ്ട സ്കൂളിനും വേണ്ടി മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പിടിഎ യും മാനേജ്മെന്റും ചേർന്ന് അഭിനന്ദിച്ചു.
#State #School #ScienceFestival #Magnificent #success #MemundaSchool