വടകര: (vatakaranews.in) സംസ്ഥാന വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത വഖഫ് ഭൂമിയിൽ സിബിഎസ്ഇ സ്കൂൾ സ്ഥാപിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കുഞ്ഞിപ്പള്ളി പരിപാലന കമ്മറ്റി ഓഫീസിൽ വിജിലൻസ് പരിശോധന.
ഇത് സംബന്ധിച്ച് കുഞ്ഞിപ്പള്ളി ജനറൽ ബോഡി അംഗം മഹമൂദ് ഇ സി എന്നവർ സമർപ്പിച്ച പരാതിയിലാണ് കോഴിക്കോട് വിജിലൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥൻ പരിശോധന നടത്തിയത്.
മുപ്പത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂൾ ലാഭേച്ഛയില്ലാത്ത വിദ്യാഭ്യാസ സ്ഥാപനം എന്ന് തെറ്റായി അവതരിപ്പിച്ച് വഖഫ് ബോർഡിൽ സ്കൂളിൻ്റെ വരവുകൾ മറച്ച് വെച്ചതായി പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാൽ വൻകിട ഫീസ് വാങ്ങിയായിരുന്നു ഓരോ വർഷവും നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകിയതെന്നാണ് ആരോപണം.
എന്നാൽ സ്കൂളിൻ്റെ ചിലവുകൾ വഖഫ് ബോർഡിൻ്റെ വാർഷിക സ്റ്റേറ്റ്മെൻ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് വഴി കോടികളുടെ ക്രമക്കേടാണ് നടന്നതെന്നും പരാതിയിൽ പറയുന്നു.
സ്വകാര്യ സ്കൂൾ ആയിട്ടും ഇതുവരേയും കമ്മറ്റി സ്കൂളിൻ്റെ ആദായ നികുതിയും അടച്ചിട്ടില്ലയെന്നും പരാതിയുണ്ട്. ഇതു വഴിയും മാനേജ്മെൻ്റ് ആദായ നികുതി വെട്ടിപ്പ് നടത്തിയതായി പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
കഴിഞ്ഞ ഏഴ് വർഷമായി ജനറൽ ബോഡി മുമ്പാകെ വരവ് - ചിലവ് കണക്കുകൾ അവതരിപ്പിക്കാത്ത കമ്മറ്റിക്കെതിരെ ജനറൽ ബോഡി അംഗങ്ങൾ വഖഫ് ബോർഡിൽ നൽകിയ op 191/22 നമ്പർ ഹരജിയിൽ ഓഡിറ്റിന് ഉത്തരവാകുകയും വലിയ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തിരുന്നു.
നടക്കാത്ത ജനറൽ ബോഡി നടന്നെന്ന് കൃത്രിമ രേഖ സൃഷ്ടിച്ച് യഥാക്രമം 468,169 പേരുടെ വ്യാജ ഒപ്പുകൾ ഇട്ട് രണ്ട് തവണയായി വ്യാജരേഖ സൃഷ്ടിച്ചെന്ന പരാതിയിലും നടപടിക്രമങ്ങൾ നടന്ന് വരികയാണ്.
കുഞ്ഞിപ്പള്ളി ഓഫീസിൽ പരിശോധനക്കെത്തിയ വിജിലൻസ് വഖഫ് ബോർഡിൽ സമർപ്പിച്ച സ്റ്റേറ്റുമെൻ്റുകളുടെ പകർപ്പുകൾ കൊണ്ട് പോയിട്ടുണ്ട്.
#Tax #evasion #establishing #school #Waqfland #Vigilance #inspection #Kunjipalli #maintenance #committee #office