കടമേരി:(vatakara.truevisionnews.com)കല്യാണ വീട്ടിൽ ഷോക്കേറ്റ് മരണത്തോട് മല്ലടിച്ച പാചകത്തൊഴിലാളിയെ സാഹസികമായി രക്ഷപ്പെടുത്തിയ കടമേരി - കീരിയങ്ങാടി സ്വദേശി പറമ്പത്ത് സഹദിനെ ആദരിച്ചു.
യു. എ. ഇ യിലുള്ള കടമേരി സ്വദേശികളുടെ കൂട്ടായ്മയായ 'ഖിദ്മ' കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ആദരവ് സംഘടിപ്പിച്ചത്.
പ്രദേശത്തെ ഒരു കല്യാണവീട്ടിൽ പാചക ജോലിക്ക് എത്തിയ തീക്കുനി സ്വദേശിയായ ജുനൈദ് അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു.
അബോധാവസ്ഥയിൽ നിലം പതിച്ച ജുനൈദിനെ എന്ത് ചെയ്യണമെന്നറിയാതെ ഓടിക്കൂടിയ ജനം പരിഭ്രാന്തിയിൽ നിൽക്കുമ്പോഴാണ് രക്ഷകനായി സഹദ് എത്തിയത്.
ട്രോമാ കെയർ വളണ്ടിയർ കൂടിയായ സഹദ് ഉടൻതന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കൃത്രിമ ശ്വാസം നൽകുകയും ഹൃദയമിടിപ്പ് പുന:സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
സഹദിന്റെ അവസരോചിതമായ ഇടപെടലാണ് ജുനൈദിന്റെ ജീവൻ രക്ഷിക്കാനായത്. അനുമോദന പരിപാടി വാർഡ് മെമ്പർ ടി.കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു.
ഖിദ്മ പ്രസിഡണ്ട് ഫൈസൽ ചാലിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വി.കെ. ഷംസുദ്ദീൻ, പാറമ്മൽ ഇബ്രാഹിം, എൻ. കെ. നാസർ, ടി.കെ. അഷറഫ് നുപ്പറ്റ, സി.കെ. ഫൈസൽ, നിസാർ രയരോത്ത്, പി.സി. അജ്മൽ, മുനീർ നാച്ചാണ്ടി എന്നിവർ സംസാരിച്ചു.
നാസർ ഒതയോത്ത് സ്വാഗതവും മഷ്ഹൂദ് പൂവുള്ളതിൽ നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് പ്രവർത്തകരിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന സഹദ് പറമ്പത്ത് അറിയപ്പെടുന്ന യുവ കർഷകനും പരിസ്ഥിതി പ്രവർത്തകനുമാണ്.
സ്കൂളുകൾ കേന്ദ്രീകരിച്ച് ധാരാളം ഫലവൃക്ഷ തൈകൾ വിതരണം ചെയ്ത് ഇതിനകം തന്നെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിരുന്നു. പഞ്ചായത്തിലെ മികച്ച യുവകർഷകനുള്ള ഈ വർഷത്തെ അവാർഡ് സഹദിനാണ് ലഭിച്ചത്.
ജനങ്ങൾ അത്യാവശ്യമായി ആശ്രയിക്കേണ്ട കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനുള്ള ഗൂഗിൾ ആപ്പിന്റെ പണിപ്പുരയിലാണ് സഹദ് ഇപ്പോൾ.
#brave #youth #Kadameri #honored #Parampath #Sahad