വടകര: (vatakara.truevisionnews.com)റെയിൽവേ സ്റ്റേഷനിൽ വർദ്ധിപ്പിച്ച പാർക്കിംഗ് ഫീസ് പിൻവലിക്കണമെന്ന് സി.പി.ഐ വടകര മണ്ഡലം കമ്മിറ്റി റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു.
ജനങ്ങൾക്ക് അനുകൂലമായ ഒരു നിലപാട് റെയിൽവേ ഒരു കാര്യത്തിലും സ്വീകരിക്കുന്നില്ല. മലബാറിലെ ജനങ്ങളുടെ യാത്രയ്ക്ക് പുതിയ വണ്ടികൾ അനുവദിക്കുന്നില്ല, പുതിയ കോച്ചുകൾ ഇല്ല, കോവിഡ് കാലത്ത് പിൻവലിച്ച സൗജന്യ നിരക്കുകൾ ഒന്നും പുനസ്ഥാപിക്കുന്നില്ല.
എന്നാൽ പാർക്കിംഗ് ഫീസ് വർദ്ധിപ്പിച്ച് യാത്രക്കാർക്ക് കൂടുതൽ ബാധ്യത റെയിൽവേ ഉണ്ടാക്കുകയാണ്. ഇത് സംബന്ധമായി സതേൺ റയിൽവേ ജനറൽ മാനേജർക്ക് മെയിൽ സന്ദേശം അയച്ചിട്ടുണ്ടെന്നും യോഗത്തിൽ സി.പി.ഐ നേതാക്കൾ പറഞ്ഞു.
ടു വീലറുകൾക്ക് 12 മണിക്കൂറിന് മുമ്പ് 12 രൂപയായിരുന്നു പാർക്കിംഗ് ഫീസ്. പുതുക്കിയ നിരക്ക് അനുസരിച്ച് നിലവിൽ 20 രൂപ കൊടുക്കണം.
കാറുകൾക്കും മറ്റും 30 രൂപയായിരുന്നത് 60 രൂപയാക്കി വർധിപ്പിച്ചു. മാത്രമല്ല ടൂവീലർ യാത്രക്കാർക്ക് ഹെൽമറ്റ് സൂക്ഷിക്കണമെങ്കിൽ 10രൂപ അധികം കൊടുക്കുകയും വേണം. ഇതിനെല്ലാം പുറമെ പല ട്രെയിനുകളും സമയം പാലിക്കാതെ ചിലപ്പോൾ മണിക്കൂറുകൾ വൈകും.
ഇക്കാരണത്താൽ പാർക്കിംഗ് ഫീസ് 12 മണിക്കൂർ കഴിഞ്ഞാൽ ഇരട്ടി തുക കൊടുക്കേണ്ട അവസ്ഥയാണെന്നും നേതാക്കൾ പറഞ്ഞു. റെയിൽവേ സ്റ്റേഷനിലെ സൗകര്യം വർദ്ധിപ്പിച്ചു.
അതിൻ്റെ അടിസ്ഥാനത്തിൽ കരാറുകാരൻ കോടികൾക്ക് പാർക്കിംഗ് ഫീസ് ലേലത്തിൽ എടുത്തുവെന്നാണ് പാർക്കിംഗ് ഫീസ് വർദ്ധനവിനെക്കുറിച്ച് റെയിൽവേ അധികൃതർ പറയുന്നത്.
പക്ഷേ കേന്ദ്ര ഗവൺമെൻ്റ് സ്വച്ച് ഭാരത് പദ്ധതിയിൽപ്പെടുത്തി ആവശ്യമായ ഫണ്ട് അലോട്ട്മെന്റ്റ് ചെയ്‌തിട്ടാണ് റെയിൽവേ സ്റ്റേഷൻ നവീകരണം നടത്തുന്നത്.
പിന്നെ കരാറുകാർക്ക് ഈ തരത്തിൽ യാത്രക്കാരെ കൊള്ളയടിക്കാൻ അവസരം കൊടുക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും നേതാക്കൾ പറഞ്ഞു.
മണ്ഡലം കമ്മിറ്റി യോഗത്തിൽ പി.അശോകൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളായ പി സുരേഷ് ബാബു, ആർ സത്യൻ മണ്ഡലം സെക്രട്ടറി എൻ.എം ബിജു, ഇ രാധാകൃഷ്ണൻ, സി രാമകൃഷ്‌ണൻ, പി.കെ സതീശൻ, പി സജീവ് കുമാർ പ്രസംഗിച്ചു.
#Parking #fee #Vadakara #railway #station #should #withdrawn #CPI