Oct 6, 2024 12:50 PM

വടകര : (vatakara.truevisionnews.com )ദേശീയപാത നിർമ്മാണ പ്രവർത്തിയെ തുടർന്ന് വടകര മേഖലയിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സർവീസ് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് താലൂക്ക് വികസനസമിതി യോഗത്തിൽ ചർച്ചയായി.

ദേശീയ പാതയിൽ മൂരാട് മുതൽ അഴിയൂർ വരെയുള്ള പലയിടത്തും സർവീസ് റോഡ് തകർന്നതാണ് ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നത്. സർവീസ് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ വ്യക്തമാക്കി.

കൂടാതെ ദേശീയപാത നിർമാണകമ്പനി വാഹനങ്ങൾക്ക് ഫിറ്റ്നസും ഇൻഷുറൻസ് അടക്കമുള്ള സംവിധാനങ്ങളും ഇല്ലെന്ന് യോഗത്തിൽ ആക്ഷേപം ഉയർന്നു.

ദേശീയപാത വികസനത്തിൻ്റെ ഭാഗമായി മണ്ണിടിച്ച മുക്കാളി, മൂരാട് എന്നിവിടങ്ങളിലെ താമസക്കാർ ഭീതിയോടെയാണ് ഓരോദിനവും കടന്നുപോകുന്നത്.

ഈ അവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് പി.പി. രാജൻ ആവശ്യപ്പെട്ടു. മണ്ണിടിച്ചിൽ നേരിടുന്ന മുക്കാളി, കേളുബസാറിലെ മാച്ചിനേരി ഒന്തം ഭാഗം എന്നിവിടങ്ങളിലെ സ്ഥലം ഏറ്റെടുക്കൽ നടപടി ഊർജിതമാക്കണമെന്ന് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീജിത്തും ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിന് ആർ.ഡി.ഒ. യുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർക്കാൻ വികസന സമിതി യോഗത്തിൽ തീരുമാനമായി.

ജലജീവൻ മിഷൻ പദ്ധതിക്കായി കുത്തിപ്പൊളിച്ച റോഡുകൾ ഫണ്ട് കിട്ടുന്ന മുറയ്ക്ക് പൂർവസ്ഥിതിയിലാക്കുമെന്ന് ജല അതോറിറ്റി വിഭാഗവും യോഗത്തിൽ അറിയിച്ചു.

റെയിൽവേ പാർക്കിങ് ഫീസ് കൂട്ടിയ കാര്യം പി.എം. മുസ്‌തഫ ഉന്നയിച്ചു. വികസന സമിതി യോഗത്തിൽ കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. ചന്ദ്രി അധ്യക്ഷത വഹിച്ചു. തഹസിൽദാർ ഡി. രഞ്ജിത്ത്, ടി.വി. ഗംഗാധരൻ, വി.പി. അബ്‌ദുള്ള തുടങ്ങിയവർ സംസാരിച്ചു.

#trafficjam #poor #condition #service #roads #Vadakara #should #be #resolved #Taluk #Development #Committee

Next TV

Top Stories










News Roundup






Entertainment News