വടകര: എൻഎച്ച് 66 ദേശീയപാത നിർമ്മാണ പ്രവൃത്തി ത്വരിതഗതിയിൽ നടന്നുകൊണ്ടിരിക്കെ വടകര ദേശീയപാതയുടെ പാതയോരത്തെ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന പ്രവർത്തി തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു.


ദേശീയപാതക്കിരുവശവും നാട്ടുകാരുടെ പല ഓർമ്മപ്പെടുത്തലുകൾക്കും സാക്ഷിയായി നിന്ന കെട്ടിടങ്ങളാണ് പൊളിച്ചു കൊണ്ടിരിക്കുന്നത്. വടകരയുടെ മനസ്സാക്ഷിക്കൽപ്പം ക്ഷതമേറ്റെങ്കിലും പുതിയ വടകരയ്ക്കായി കാത്തിരിക്കുകയാണ് നാട്ടുകാർ.
വടകരയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയും അധികം കെട്ടിടങ്ങൾ ഒരേസമയം പൊളിച്ചു നീക്കുന്നത്. അതിൽ ഹോട്ടലുകൾ, ജ്വല്ലറികൾ, മറ്റു കച്ചവട സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയുണ്ട്. വടകരയുടെ പ്രസിദ്ധമായ , ഇന്ത്യൻ കോഫി ഹൗസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
പുതിയ ആറുവരിപ്പാത വടകരയിൽ കൂടി കടന്നു പോയി കഴിഞ്ഞാൽ വിസ്മൃതിയിൽ ആവുകയാണ് ഈ പറഞ്ഞ കെട്ടിടങ്ങളും വ്യാപാര വ്യവസായ സ്ഥാപനങ്ങളും. ഒരു ആഗോള നഗരത്തിലേക്കുള്ള സ്വപ്ന സഞ്ചാരത്തിലാണ് വടകര.
വടകര നഗരസഭയുടെ കീഴിലുള്ള നാരായണ നഗരം മൈതാനിയിൽ വടകര മാൾ എന്ന പേരിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് അടുത്ത് തുറക്കുവാനുള്ള സാധ്യതയുണ്ട്, ചില സാങ്കേതിക തടസ്സങ്ങൾ മാത്രമാണ് പ്രശ്നം. ഈ മാറ്റത്തെ പതിയെ ഉൾക്കൊണ്ട് വരികയാണ് പഴയ തലമുറയിൽ പെട്ട ജനങ്ങൾ.
അവരുടെയൊക്കെ പ്രതാപകാലത്ത് ലാൻഡ്മാർക്ക് ആയി കണ്ടിരുന്ന പല കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നതിൽ നേരിയ വിഷമമുണ്ടെങ്കിലും കാലം ആവശ്യപ്പെടുന്ന മാറ്റം വടകര സ്വീകരിച്ചു കഴിഞ്ഞു എന്നതിനുള്ള തെളിവാണ് ത്വരിതഗതിയിൽ ഉള്ള ഹൈവേ വികസനം.

Article by ഷമീം എടച്ചേരി
സബ് എഡിറ്റര്‍ ട്രെയിനി -ട്രൂവിഷന്‍ ന്യൂസ് ബി എ -പൊളിറ്റിക്കല്‍ സയന്‍സ് -മടപ്പള്ളി ഗവ . കോളെജ് മടപ്പള്ളി
Vadakara Marum Road will come; Vadakara is waiting for the six lane road