Dec 2, 2022 01:18 PM

 വടകര: അഞ്ചു നാളുകൾ, കടത്തനാടിന് കലാമഹോത്സവമായിരുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മൊട്ടിട്ട കൗമാരകലയുടെ വസന്തോത്സവത്തിൻ്റെ ചൂടും ചൂരും ചുവടും കലർപ്പില്ലാതെ ഒപ്പിയെടുത്ത് ഞങ്ങൾ നാടിന് സമർപ്പിച്ചപ്പോൾ ട്രൂവിഷനിലൂടെ അത് നെഞ്ചേറ്റിയത് 13.23 ലക്ഷം പേർ.

സർഗപ്രതിഭകളെയും അവരെ വളർത്തിയ ഗുരുക്കൻമാരെയും തണലൊരുക്കുന്ന കുടുംബാംഗങ്ങളെയും വിദ്യാലയങ്ങളെയും ഞങ്ങൾ പരിചയപ്പെടുത്തി. നേട്ടങ്ങൾ മാത്രമല്ല നഷ്ടങ്ങളും സങ്കടങ്ങളും വിമർശനങ്ങളും പ്രതിഷേധങ്ങളും വരെ ഞങ്ങൾ റിപ്പോർട്ട് ചെയ്തു.

ഉന്നതമായ രാഷട്രീയ പ്രബുദ്ധതയുള്ള മണ്ണിൽ, ഉശിരുള്ള യുവജനപ്രസ്ഥാനങ്ങളുടെ ഈറ്റില്ലത്തിൽ, സാംസ്ക്കാരിക കേരളത്തിൻ്റെ നെടുനായകരുള്ള നാട്ടിൽ, നാടിനൊപ്പം നിൽക്കുന്ന വ്യാപാര പ്രമുഖരുടെ മണ്ണിൽ ഇവരെയെല്ലാം കൂട്ടിയിണക്കി നേതൃമികവുള്ള അധ്യാപക സംഘടനകൾ ഒറ്റകെട്ടായി നിന്നപ്പോൾ വിദ്യാഭ്യാസ വകുപ്പിൻ്റെ സാരഥികൾക്ക് മേളയുടെ സംഘാടനം എണ്ണമിട്ട യന്ത്രം പോലെ എളുപ്പമായി.

വർത്തമാന കാലത്ത് 'കടത്തനാട് കണ്ട മനോഹരമായ ഈ കൂട്ടായ്മക്ക് മറ്റൊരു ചേലുണ്ടായിരുന്നു, രണ്ട് വനിതകളുടെ ഉജ്വലമായ നേതൃത്വം. അടുക്കള പുര മുതൽ അരങ്ങ് വരെ അഞ്ചു നാൾ നിറഞ്ഞു നിന്നു വടകരയുടെ എം എൽ എ കെ.കെ രമയും നഗരസഭാ അധ്യക്ഷ കെ.പി ബിന്ദുവും.


കാർക്കശ്യത്തിൽ കടുകിട വ്യത്യാസം കൂടാതെ നിറപുഞ്ചിരിയുമായി എങ്ങും നിറഞ്ഞു നിന്നു കടത്തനാട്ടുകാരൻ കൂടിയായ ജില്ലാ വിദ്യാഭ്യാസ വകുപ്പ് മേധാവി സി മനോജ് കുമാർ.


ചുവട് തെറ്റാതെ താളം പിഴക്കാതെ കളരിയുടെ കൃത്യതയോടെ കലോത്സവത്തെ മാറ്റാൻ പ്രോഗ്രാം കമ്മറ്റിക്കും വയറെരിയാതെ മനം നിറച്ച് അരക്ഷം പേരെ ഊട്ടാൻ ഭക്ഷണ കമ്മറ്റിക്കും കഴിഞ്ഞു. ആവശ്യങ്ങൾ കണ്ടറിഞ്ഞ് മാധ്യമങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കാൻ മീഡിയാ കമ്മറ്റിയും വിജയിച്ചു.


ആധുനിക സൗകര്യങ്ങളുടെയും സോഷ്യൽ മീഡിയയുടെയും സഹായത്തോടെ കലോത്സവ പൊലിമ ചൂടോടെ വിളമ്പാൻ കഴിഞ്ഞുവെന്നതാണ് ഡിജിറ്റൽ മാധ്യമമായ ട്രൂവിഷൻ്റെ നേട്ടം. ചരിത്രത്തിൽ അടയാളപ്പെടുത്താൻ 250തോളം കലോത്സവ വാർത്തകളും ആയിരത്തോളം ചിത്രങ്ങളും ഗൂഗിൾ സേർച്ചിലേക്ക് ഞങ്ങൾ ചേർത്തുവെച്ചു.

കലോത്സവ നാളുകളിൽ 2.15 ലക്ഷം പുതിയ വായനക്കാർ ഞങ്ങളോടൊപ്പം ചേർന്നു. ഗൾഫ് എഡിഷനായ ജിസിസി ന്യൂസും സിനിമാ എഡിഷനായ മൂവിമാക്സും എൻ്റർടെമെൻ്റ് ചാനലായ നെസ്റ്റ് ടി.വി യും ഉൾപ്പെടെ 16 എഡിഷനുള്ള ട്രൂ വിഷൻ്റെ പ്രാദേശിക വാർത്ത പോർട്ടലായ വടകര ന്യൂസ് വഴിയാണ് കലോത്സവ വാർത്തകൾ ഞങ്ങൾ വായനക്കാരിൽ എത്തിച്ചത്.


അവാർഡുകൾക്ക് പിറകെയൊ, വിവാദങ്ങൾ ഭക്ഷിക്കാനോ ഞങ്ങളില്ല. ഇല്ലാത്ത അവകാശവാദങ്ങൾക്കുമില്ല, സത്യത്തിൻ്റെ നേർക്കാഴ്ച്ചകൾ തേടിയുള്ള ഞങ്ങളുടെ ഈ സംരംഭത്തിന് ഒരു പതിറ്റാണ്ടിൻ്റെ പാരമ്പര്യം മാത്രമേയുള്ളൂ, ഇതിനകം കേന്ദ്ര- സംസ്ഥാന വാർത്താ മന്ത്രാലയങ്ങളുടെ അംഗീകാരം നേടിയെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.

നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന പുഞ്ചിരി, ചേർത്ത് നിർത്തൽ ,ഇടമൊരുക്കൽ ഇതൊക്കെയാണ് ഞങ്ങൾ ആഗ്രഹിക്കുന്ന അവാർഡുകൾ, അപ്പോൾ വാർത്തകളും വിശേഷങ്ങളും ഉള്ളയിടത്ത് വെച്ച് വീണ്ടും കാണാം . ടീം ട്രൂവിഷൻ.

No award, no controversy; 13.23 lakh people enjoyed Kalotsava heat and step through Truevision

Next TV

Top Stories


News Roundup