അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്ത് പൊതു ശ്മശാനം ചുവപ്പ് നാടയിൽ. മരിച്ചാൽ മറവുചെയ്യാൻ ആറടിമണ്ണില്ലാതെ പ്രയാസപ്പെടുന്ന ഒട്ടേറെ കുടുംബങ്ങളുള്ള അഴിയൂരിൽ 27 വർഷംമുമ്പ് തുടക്കമിട്ട സ്വപ്നപദ്ധതിയാണ് പൊതുശ്മശാനം.
മാഹി റെയിൽവേ സ്റ്റേഷന്‍റെ അടുത്തായി കക്കടവിൽ 50 സെൻറ് ഭൂമിയിൽ ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ച് പദ്ധതിക്കുള്ള പണിതുടങ്ങിയപ്പോഴാണ് ഭൂമിയുടെ അവകാശവാദവുമായി റെയിൽവേ മുന്നോട്ടുവന്നത്.


റവന്യൂവകുപ്പ് സ്ഥലം പഞ്ചായത്തിന് കൈമാറിയ രേഖ വില്ലേജിലും താലൂക്കിലും ഉണ്ടെങ്കിലും ഇതൊന്നും റെയിൽവേക്ക് ബോധ്യപ്പെട്ടിട്ടില്ല.
പഞ്ചായത്ത് അധികൃതർ പാലക്കാട് ഡിവിഷണൽ ഓഫീസിനെ സമീപിച്ചെങ്കിലും അവരുടെ രേഖകളിൽ റെയിൽവേ അധീനതയിലാണ് ഈ ഭൂമി. കെ. മുരളീധരൻ എം.പി., ദക്ഷിണ റെയിൽവേ പാസഞ്ചേഴ്സ് അഡ്മിനിസ്ട്രേറ്റീവ് ചെയർമാൻ പി.കെ. കൃഷ്ണദാസ് എന്നിവർക്ക് തടസ്സം നീക്കാനായി അപേക്ഷ നൽകിയിട്ടുണ്ട്.
27 വർഷമെടുത്താണ് പഞ്ചായത്ത് ഭരണസമിതികൾ പരിസ്ഥിതിമന്ത്രാലയത്തിന്‍റെ തടസ്സങ്ങൾ നീക്കി ശ്മശാനനിർമാണത്തിനുള്ള അനുമതി നേടിയത്. നിർദ്ദിഷ്ടഭൂമിയിൽ പ്രവേശിക്കുന്നതിന് 300 മീറ്റർ റോഡ് നിർമാണത്തിനും പരിശ്രമം നടത്തി.
ഒടുവിൽ ഓരോ വാർഡിൽനിന്ന് പിരിച്ചെടുത്ത തുക ഭൂവുടമകൾക്ക് നൽകിയാണ് സ്വന്തമായി വഴി ഉണ്ടാക്കിയത്. ആധുനിക സംവിധാനത്തോടെ പരിസ്ഥിതിക്ക് കോട്ടംവരുത്താതെ ശ്മശാനം നിർമാണത്തിന് ഫൗണ്ടേഷൻ പില്ലർ പണിവരെ നടന്നപ്പോഴാണ് റെയിൽവേയുടെ സ്റ്റോപ്പ് മെമ്മോ ലഭിച്ചത്.
ജില്ലാപഞ്ചായത്തിന്‍റെ 40 ലക്ഷംരൂപയും പഞ്ചായത്ത് ഫണ്ട് 20 ലക്ഷംരൂപയും പദ്ധതിക്കായി വകയിരുത്തിയാണ് പണി തുടങ്ങിയത്.
പരിസ്ഥിതിമന്ത്രാലയത്തിന്‍റെയും ഡി.എം.ഒ.യുടെയും മാർഗനിർദ്ദേ ശങ്ങൾ പാലിച്ചാണ് പണി നടന്നത്. ശ്മശാനം പണിയുന്ന സ്ഥലത്തിനുപുറത്ത് ബാക്കിയുള്ള കണ്ടൽക്കാട് നിറഞ്ഞ സ്ഥലം അഴിയൂർ പഞ്ചായത്ത് ജൈവവൈവിധ്യബോർഡിന്‍റെ പരിധിയിലാണ്.
Azhiyur gram panchayat public crematorium in red land.