വള്ളിയാട്: വള്ളിയാട് ഈസ്റ്റ് എൽ.പി സ്കൂളിൽ മില്ലറ്റ് & ഹാപ്പിഡ്രിങ്ക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. പഴയകാലത്തിന്റെ രുചിയോർമ്മകളിലേക്ക് കുട്ടികളേയും രക്ഷിതാക്കളേയും കൂടി കൂട്ടി കൊണ്ടുപോകുന്ന രീതിയിലാണ് മില്ലറ്റ് & ഹാപ്പിഡ്രിങ്ക്സ് ഫെസ്റ്റ് സംഘടിപ്പിച്ചത് .


വിവിധതരം പഴങ്ങളുടെയും പഴങ്ങൾ കൊണ്ടുള്ള ജൂസുകളുടെയും മില്ലറ്റുകളുടെയും, മില്ലറ്റുല്പന്നങ്ങളുടേയും പ്രദർശനമാണ് നടന്നത്. തിന, ചാമ, കമ്പ്, വരഗ്, മുത്താറി, മണിച്ചോളം, കുതിര വാലി എന്നീ മില്ലറ്റുകൾ പ്രദർശിപ്പിച്ചു.
മുത്താറി കേക്ക്,മുത്താറി പുട്ട്, മുത്താറി ദേശ, മുത്താറി ഇഡ്ഡലി, ചാമ അവിൽ, തിന നൂഡിൽസ്, ചാമ പായസം, തിന ഹൽവ, വരഗ് ലഡു, തിന റസ്ക്ക്, തിന കട്ട് ലെറ്റ്, തിന ഉപ്പ് മാവ് എന്നീ മില്ലറ്റുകളുടെ ഭക്ഷണസാധനങ്ങളുടെ പ്രദർശനവും നടന്നു.
മുന്തിരി, കൈതച്ചക്ക,ഓറഞ്ച് , ആപ്പിൾ, കദളിപ്പഴം, തണ്ണി മത്തൻ, ചാമ്പക്ക, മാങ്ങ, ഇളനീർ,പുതിയിന,മുസമ്പി,അനാർ,പപ്പായ,പേരക്ക,ബീറ്റ് റൂട്ട്, ചെറുനാരങ്ങ, നെല്ലിക്ക,കാരറ്റ്,കോവക്ക, ഈന്തപ്പഴം എന്നിങ്ങനെയുള്ള വ്യത്യസ്ത ഫലവർഗ്ഗങ്ങളും, ജൂസുകളുടെ പ്രദർശനവും നടന്നു. പാനീയങ്ങളും മില്ലറ്റുല്പന്നങ്ങളും കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്നതാണ്.
ഓരോന്നും നല്ല മികവ് പുലർത്തി. നാട്ടില് കൈതച്ചക്കയും, മാമ്പഴവുമൊക്കെ നിറഞ്ഞുനിന്നിരുന്ന രുചി മണങ്ങളുടെ പഴയ കാലത്തിലേക്ക് കുട്ടികളെയും മുതിർന്നവരെ കൂടി കൊണ്ടുപോകുന്ന പ്രവർത്തനമായിരുന്നു മില്ലറ്റ് & ഹാപ്പി ഡ്രിങ്ക്സ് ഫെസ്റ്റ്.
തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എഫ്.എം. മുനീർ ഉദ്ഘാടനം ചെയ്തു. ഒരു കാലത്ത് നമ്മുടെ കൃഷിയിലും ഭക്ഷണ സംസ്കാരത്തിലും ഒരു അവിഭാജ്യ ഘടകമായിരുന്ന ചെറുധാന്യങ്ങളിലേക്കും പയർ വർഗ്ഗങ്ങളിലേക്കും ഒരു മടങ്ങിപ്പോക്ക് അനിവാര്യമായിരിക്കുന്നു.
അരി, ഗോതമ്പ്, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയുടെ അമിത ഉപയോഗത്തിലൂടെ സംജാതമായ അമിതവണ്ണം. പ്രമേഹം, രക്തസമ്മർദ്ദം എന്നിവെയല്ലാം പ്രതിരോധിക്കാൻ ചെറുധാന്യങ്ങൾക്ക് കഴിയുമെന്ന് ഉദ്ഘാടകൻ സൂചിപ്പിച്ചു.
കൃത്രിമ ഭക്ഷണങ്ങളോടും പാനീയങ്ങളോടും ഏറെ താല്പര്യമുള്ളവരാണ് നമ്മുടെ കുട്ടികൾ. ഇത്തരം ശീലങ്ങൾ കൊണ്ടുതന്നെ നമ്മുടെ കുട്ടികൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്.
കുട്ടികൾ അനുഭവിക്കുന്ന പോഷക ദാരിദ്ര്യത്തെ മറികടന്ന് ശീലങ്ങൾ മാറ്റി പുത്തൻ പ്രകൃതി പാനീയങ്ങൾ തയ്യാറാക്കി ഉപയോഗിക്കുന്നതിനും ശീലമാക്കുന്നതിനും ഉള്ള പരിപാടിയാണ് ഹാപ്പി ഡ്രിങ്ക്സ്.
പ്രാദേശികമായി ലഭ്യമാകുന്ന പ്രകൃതി വസ്തുക്കൾ പഴങ്ങൾ എന്നിവ ഉപയോഗിച്ചു കൊണ്ടുള്ള പാനീയം തയ്യാറാക്കുന്ന വിധം കുട്ടികളെ പരിചയപ്പെടുത്തുകയാണ് ഇതിലൂടെ.
ജങ്ക് ഫുഡിൽ നിന്നും പോഷകസമൃദ്ധമായ പഴവർഗ്ഗങ്ങളുടെയും മില്ലറ്റുകളുടേയും ഉപയോഗത്തിലേക്ക് കുട്ടികളെ നയിക്കുക ,നല്ല ആഹാരശീലവും നല്ല ആരോഗ്യ ശീലവും ഉള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയും ചെറുധാന്യങ്ങൾ ഭാവിയിലെ ഭക്ഷണമായി ഉപയോഗിക്കാനുള്ള സന്ദേശം നൽകാനാണ് മില്ലറ്റ് ഫെസ്റ്റ് &ഹാപ്പി ഡ്രിംങ്ക്സ് സംഘടിപ്പിച്ചത്.
വള്ളിയാട് ഈസ്റ്റ് എൽ പി സ്കൂൾ നടത്തിയ മില്ലറ്റ് ഫെസ്റ്റ് പരിപാടിയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ചെറുധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പദ്ധതി അടുത്ത സാമ്പത്തിക വർഷം തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കുമെന്ന് വൈസ് പ്രസിഡണ്ട് പ്രഖ്യാപിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ ബവിത്ത് മലോൽ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ്സ് ബിന്ദു സി.എച്ച് , ഡി.പ്രജീഷ്, അഷ്റഫ് എം.സി , ലിൻസി കെ എന്നിവർ സംസാരിച്ചു. അധ്യാപകർ, പി ടി എ & എം.പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
മില്ലറ്റ് & ഹാപ്പിഡ്രിങ്ക്സ് ഫെസ്റ്റിന്റെ ഭാഗമായി മില്ലറ്റുകളുടെ ഗുണങ്ങളും, വിവിധ മില്ലറ്റുകളെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ചാർട്ടുകളുടേയും പോസ്റ്ററുകളുടേയും പ്രദർശനവും നടന്നു.
Millet Fest was held at Valliet East LP school