തോടന്നൂർ: 'ലിംഗ തുല്യത ഉറപ്പുവരുത്തുന്ന തോടന്നൂർ' എന്ന ലക്ഷ്യവുമായി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. ' ഒപ്പം ജൻഡർ സൗഹൃദ തോടന്നൂർ' എന്ന പദ്ധതിയിലൂടെ ബ്ലോക്ക് തല ജെൻഡർ റിസോഴ്സ് സെന്ററിന്റെ പ്രവർത്തനങ്ങൾ, വുമൺ ഫെസിലിറ്റേഷൻ പ്രവർത്തനങ്ങൾ, ലിംഗ പദവി പഠനം തുടങ്ങിയവ നടപ്പിലാക്കും. 'ഒപ്പം പദ്ധതിക്കായി' 26 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി.


ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, തൊഴിലുറപ്പ് പദ്ധതിയിലൂടെ ജെൻഡർ പാർക്കിന്റെ നിർമ്മാണവും ബജറ്റ് ലക്ഷ്യമിടുന്നു. വനിതാ ഗ്രൂപ്പ് സംരംഭങ്ങൾക്ക് 17 ലക്ഷം രൂപ സബ്സിഡിക്കായി വകയിരുത്തി. ജ്ഞാന സമൂഹ നിർമ്മിതി, നീർത്തടാധിഷ്ഠിത വികസനത്തിലൂടെ തരിശു രഹിത തോടന്നൂർ, എല്ലാവർക്കും പാർപ്പിടം, അതി ദാരിദ്ര നിർമ്മാർജ്ജനം, കുടിവെള്ളം, തൊഴിൽ, സംരംഭകത്വ വികസനം, മാലിന്യ നിർമാർജനം, ഉത്തരവാദിത്വ ടൂറിസം വികസനം, എന്നിവയിൽ ഊന്നിയ സമഗ്ര വികസനമാണ് ബജറ്റ് ലക്ഷ്യമിടുന്നത്.
ആരോഗ്യം, ശുചിത്വം, ക്ഷീര വികസനം തുടങ്ങിയ പദ്ധതികൾക്കും തുക വകയിരുത്തി. 6.23 കോടി രൂപ വരവും, 5.57 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. നെൽകൃഷി അനുബന്ധ മേഖലയ്ക്ക് 9.93 ലക്ഷം, പുഷ്പകൃഷി 32000 രൂപ, ഭവന നിർമ്മാണം 1.16 കോടി രൂപ, ഭിന്നശേഷി ക്ഷേമം 50 ലക്ഷം, പട്ടികജാതി ക്ഷേമം 41.76 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷം 2989 പ്രവർത്തികളിലൂടെ 47,6913 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന 24. 53 കോടിയുടെ ലേബർ ബജറ്റും തൊഴിലുറപ്പ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നുണ്ട്.
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എം ലീന ബജറ്റ് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷ ശ്രീജ പുല്ലരുൽ അധ്യക്ഷത വഹിച്ചു. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അഷ്റഫ്, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെ.ടി രാഘവൻ, എം എം നിഷീദ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി വിശ്വനാഥൻ, സി എച്ച് മൊയ്തു, ശാന്ത വള്ളിൽ, ഒ.എം ബാബു സംസാരിച്ചു. ബി.ഡി.ഒ.എം പ്രദീപ്കുമാർ സ്വാഗതവും, ശ്രീശൻ നന്ദിയും പറഞ്ഞു.
Thodannoor Block Budget