വടകര: പോരാട്ട വീര്യങ്ങളുടെ ഒഞ്ചിയത്തിന്റെ മണ്ണിൽ സിപിഐ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ 'ഒഞ്ചിയം രക്തസാക്ഷി സ്മാരക'ത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.


വൈകീട്ട് 5 മണിക്ക് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ഡോ. ബാലചന്ദ്ര കാംഗോ ഉദ്ഘാടനം നിർവ്വഹിക്കും. രക്തസാക്ഷികളെ ഒന്നിച്ച് ലോറിയിൽ കയറ്റി വടകര കടപ്പുറത്തേക്ക് കൊണ്ടുപോകുന്നതും മണ്ടോടി കണ്ണൻ സ്വന്തം ശരീരത്തിൽ നിന്ന് ഊർന്നു വീണ രക്തത്തിൽ കൈമുക്കി വടകര ജയിൽഭിത്തിയിൽ അരിവാൾ ചുറ്റിക വരയ്ക്കുന്നതുമെല്ലാം രക്തസാക്ഷി സ്മാരക സ്തൂപത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.
വടകര പുറങ്കര കടപ്പുറത്തെ ഒറ്റക്കുഴിയിൽ എട്ട് ധീര രക്തസാക്ഷികളെയും അടക്കം ചെയ്യുന്നതും പുളിയുള്ളതിൽ ചോയിയേയും മകൻ കണാരനേയും അറസ്റ്റ് ചെയ്ത് കൈയ്യാമം വെച്ച് കൊണ്ടു പോകുന്നതും ചെന്നാട്ട് താഴ വയലിൽ എംഎസ്പിക്കാരും ജനങ്ങളും മുഖാമുഖം നൽക്കുന്നതും പൊലീസ് സംഘം നടത്തിയ വെടിവെപ്പുമെല്ലാം സ്തൂപത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പരിപാടിയുടെ ഭാഗമായി വൈകീട്ട് 4.30 ന് വെള്ളികുളങ്ങരയിൽ നിന്നും ആരംഭിക്കുന്ന ബഹുജന റാലി ഒഞ്ചിയം പാലത്തിനു സമീപം സമാപിക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി പതാക ഉയർത്തും.
സ്വാഗത സംഘം ചെയർമാൻ ടി കെ രാജൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ആദരവ് സമർപ്പണം നിർവ്വഹിക്കും. ടി വി ബാലൻ, ഇ കെ വിജയൻ എംഎൽഎ, അഡ്വ. പി വസന്തം, കെ കെ ബാലൻ മാസ്റ്റർ തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിക്കും.
തുടർന്ന് മടപ്പള്ളി യുവകലാസാഹിതി അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങളും ലെനീഷ് കാരയാട് നയിക്കുന്ന സംഗീത വിരുന്നും അരങ്ങേറും. ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75ാം വാർഷികാചരണത്തിന്റെ ഭാഗമായിട്ടാണ് സ്തൂപം പണികഴിച്ചിരിക്കുന്നത്.
Onchim Martyrs Memorial inaugurated today