വടകര: ജനകീയാസുത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നാദാപുരത്തെ 18 വയസു മുതൽ 50 വയസ്സ് വരെയുള്ള വിധവകളുടെ ക്ഷേമത്തിനായി സമഗ്ര പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി നാദാപുരം ടി ഐ എം ബിഎഡ് കോളേജിലെ എൻഎസ്എസ് യൂണിറ്റുമായി സഹകരിച്ച് വിധവകളുടെ വിവരശേഖരണം വീടുകളിൽ പോയി പ്രത്യേക ഫോറത്തിൽ ശേഖരിച്ച് ലോക വിധവാ ദിനമായ ജൂൺ 23ന് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതാണ് .
സർവ്വേ ആരംഭിക്കുന്നതിന്റെ ഭാഗമായി എൻഎസ്എസ് വിദ്യാർത്ഥികളായ എന്യൂമറേറ്റർമാർക്കുള്ള പരിശീലനം ടി ഐ എം ബി എഡ് കോളേജിൽ വെച്ച് നടന്നു. പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അബ്ബാസ് കണയ്ക്കൽ അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് സമഗ്ര വിധവാ പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു, വിമൻ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ പ്രിൻസിയ ബാനു ബീഗം സർവ്വേ ഫോറം പരിചയപ്പെടുത്തി.
കോളേജ് സെക്രട്ടറി വി സി ഇക്ബാൽ എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ഷെറിൻ മോൾ തോമസ് എന്നിവർ സംസാരിച്ചു. അംഗൻവാടി ടീച്ചർമാരായ സവിത വത്സല എന്നിവർ പങ്കെടുത്തു. നിലവിൽ 100 വിധവകളുടെ പേര് വിവരം അംഗൻവാടി ടീച്ചർ മുഖേന ശേഖരിച്ചിട്ടുണ്ട്.
സർവ്വേയുമായി പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രായപരിധിയിൽ ഉൾപ്പെട്ടിട്ടുള്ള വിധവകൾ സഹകരിക്കണമെന്ന് പഞ്ചായത്ത് അഭ്യർത്ഥിച്ചു. വ്യക്തിപരമായ വിവരങ്ങൾ ശേഖരിച്ച് വൈദഗ്‌ദ്യ പരിശീലനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പദ്ധതിയിലൂടെ നടപ്പിലാക്കുന്നതാണ്. ഇതിനായി വിശദമായ പദ്ധതി രേഖ സർക്കാരിനും ,പ്ലാനിങ് ബോർഡിനും സമർപ്പിക്കുന്നതാണ്.സർവ്വേ ഉടൻ ആരംഭിക്കുന്നതാണ്
Comprehensive Widow Studies; Nadapuram Gram Panchayat, Training for Enumerators