വടകര : (vatakaranews.in) ഓണക്കാലം മുന്നിൽക്കണ്ട് മൂടാടി ഗ്രാമപഞ്ചായത്ത് ഒരുക്കിയ പൂ കൃഷിയിലൂടെ കടലോരം പൂവാടിയായി.
കോടിക്കൽ കടലോരത്തെ മജീദും ഭാര്യ ബുഷ്റയും ചേർന്നാണ് കടപ്പുറത്തെ പൂഴിമണലിൽ പൂകൃഷി നടത്തിയത്. ഗ്രാമപഞ്ചായത്തും കൃഷിഭവനും കൂടെ നിന്നപ്പോൾ പദ്ധതി വൻ വിജയമായി.
ഗുഡ്സ് ഓട്ടോ തൊഴിലാളിയായ മജീദിന് കൃഷി എന്നും ആവേശമാണ്. സ്വന്തമായി ഭൂമിയൊന്നുമില്ലെങ്കിലും കോടിക്കൽ പ്രദേശത്തെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി ഉടമസ്ഥരുടെ സമ്മതം വാങ്ങിച്ചാണ് അദ്ദേഹം കൃഷി ചെയ്യുന്നത്.
നിലക്കടല, തക്കാളി, കക്കിരി തുടങ്ങിയ വൈവിധ്യമാർന്ന വിളകളും മജീദും കുടുംബവും കൃഷി ചെയ്തിരുന്നു. പൂർണമായും ജൈവ കൃഷി രീതിയാണ് അദ്ദേഹം അവലംബിക്കുന്നത്. കോടിക്കൽ യു.പി.സ്കൂളിൽ നടത്തുന്ന പച്ചക്കറി തോട്ടവും മജീദിൻ്റെ നേതൃത്വത്തിലാണ്.
മൂടാടി ഗ്രാമപഞ്ചായത്ത് 2024 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ നടപ്പാക്കിയ പൂവിളി പദ്ധതിയുടെ ഭാഗമായാണ് മജീദ് പൂകൃഷി തുടങ്ങിയത്. അഞ്ചു ഗ്രൂപ്പുകളാണ് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പൂകൃഷി നടത്തിയത്.
മുചുകുന്ന്, പാലക്കുളം, വീമംഗലം എന്നിവിടങ്ങളിൽ പൂകൃഷി വിജയകരമായി നടന്നു. കടലോരത്തെ കൃഷി പുതിയ പരീക്ഷണമായിരുന്നു. അവിടെയാണ് മജീദിന്റെ കൃഷിയോടുള്ള താത്പര്യം വിജയകരമായി തെളിയിച്ചതെന്ന് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ പറഞ്ഞു.
പൂകൃഷിക്ക് നിലമൊരുക്കാൻ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെയായിരുന്നു ഉപയോഗപ്പെടുത്തിയത്. വിത്തും വളവും പദ്ധതി വിഹിതമായി കൃഷി ഭവൻ മുഖേന ലഭ്യമാക്കി.
തീരദേശവും കരപ്രദേശവും പൂകൃഷിക്ക് അനുയോജ്യമാണെന്ന് ഈ വർഷത്തെ അനുഭവങ്ങൾ തെളിയിച്ചതായി കൃഷി ഓഫീസർ ഫൗസിയ പറഞ്ഞു.
കോടിക്കൽ നടന്ന പൂകൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ഇൻഷിത, വി.കെ. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹ്റ ഖാദർ എന്നിവർ പങ്കെടുത്തു.
#ONAM #Onam #FlowerCultivation #beach #Moodadi #become #flower #bed