ഒഞ്ചിയം: ഒഞ്ചിയം നുസ്രത്തുൽ ഇസ്ലാം ഹിഫ്ള് കോളേജ് വിജ്ഞാനപാതയുടെ കൊടുമുടിയിൽ. കഴിഞ്ഞദിവസം ആറു വിദ്യാർഥികൾ കൂടി ഖുർആൻ മനഃ പാഠമാക്കിയതോടെ കഴിഞ്ഞ 20 വർഷത്തിനിടെ 200ൽ അധികം വിദ്യാർത്ഥികൾ ഖുർആൻ മനഃപാഠമാക്കിയതിന്റെ ആത്മ നിർവൃതിയിലാണ് നുസ്രത്തിൽ ഇസ്‌ലാം ഹിഫ്ള് കോളേജ്.


2003 ലായിരുന്നു ഒഞ്ചിയത്തെ ജുമാ മസ്ജിദിന് സമീപം എളിയ രീതിയിൽ ഹിഫ്ള് കോളേജ് പ്രവർത്തനം ആരംഭിച്ചത്. ധാർമ്മികതയും, ദൈവ ഭയവും, അച്ചടക്കവുമുള്ള ഒരു പുതുതലമുറിയെ സൃഷ്ടിക്കുക എന്ന മഹത്തായ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു ഇത്.
പൗരപ്രമുഖനും, നിരവധി പാവങ്ങളുടെ അത്താണിയും, സർവ്വോപരി ഒഞ്ചിയം പ്രദേശത്ത് ഇന്ന് കാണുന്ന സകല പുരോഗതിക്കും കാരണവുമായ മർഹൂം കെ.പി മമ്മു ഹാജിയുടെ നേതൃത്വത്തിലായിരുന്നു ആരംഭം.
ജില്ലക്ക് അകത്തും,പുറത്തും നിന്നുമായി നിരവധി വിദ്യാർത്ഥികൾ ആണ് കഴിഞ്ഞ 20 വർഷത്തിനിടെ 'ഹാഫിള്' പട്ടം ചൂടി ഇവിടെ നിന്നും പഠനം പൂർത്തിയാക്കിയത്. വിദ്യാർത്ഥികൾക്ക് വേണ്ട താമസ, ഭക്ഷണ, വസ്ത്ര ചെലവുകളെല്ലാം വഹിക്കുന്നത് മമ്മൂ ഹാജിയാണെന്ന പ്രത്യേകതയും ഈ സ്ഥാപനത്തിനുണ്ട്.
ഒരുപക്ഷേ ഇന്ത്യയിൽ തന്നെ ഇത്തരത്തിൽ ഒരു സ്ഥാപനം ദർശിക്കുവാൻ സാധ്യമല്ല. വിദ്യാർത്ഥികൾക്കും ഉസ്താദുമാർക്കും താങ്ങും തണലുമായി നിന്ന മമ്മു ഹാജിയുടെ വിയോഗം സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ടമാണ്. മമ്മു ഹാജിയുടെ വിടവ് നികത്താൻ പരിശ്രമിച്ചു വരുന്നത് അദ്ദേഹത്തിന്റെ സ്വന്തം മക്കളാണ്.
ഹാഫിള് പട്ടം ചൂടിയ ആറു പേർക്കുള്ള അനുമോദന ചടങ്ങ് എന്തുകൊണ്ടും ആവേശമായിരുന്നു. കൂടുതൽ കൂടുതൽ വിദ്യാർത്ഥികൾ ഇനിയും ഹാഫിള് ബിരുദം കരസ്ഥമാക്കി പുറത്തുവരുന്നത് കാണാൻ നുസ്രത്തുൽ ഇസ്ലാം ഹിഫ്ള് കോളേജ് സാക്ഷ്യം വഹിക്കുമെന്ന് യോഗം ഐക്യകണ്ഠേന പ്രത്യാശിച്ചു.
നുസ്രത്തുൽ ഇസ്ലാം ഹിഫ്ള് കോളേജ് പ്രിൻസിപ്പൽ അബൂബക്കർ അൻവരി അധ്യക്ഷത വഹിച്ചു. മഹല്ല് ജനറൽ സെക്രട്ടറി യു.അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഖുർആൻ മനഃപ്പാഠമാക്കിയ ആറു വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം മുതുവന അബൂബക്കർ ഹാജി നിർവഹിച്ചു.
ഹാഫിസ് മുഹ്സിൻ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ജൗഹർ യമാനി, നൗഷാദ് മാസ്റ്റർ, ഹാഫിസ് ഹനീഫ ഫൈസി, നുസ്രത്തുൽ ഇസ്ലാം മദ്രസ ജനറൽ സെക്രട്ടറി പി പി കെ അബ്ദുല്ല, വി.പി.ഹമീദ്, വലിയപറമ്പത്ത് അഷ്റഫ് സംസാരിച്ചു.
ഹാഫിസ് മുഹമ്മദ് മന്നാനി സ്വാഗതം പറഞ്ഞു. ഹാഫിസ് സിനാൻ ചോറോട് നന്ദിയും പറഞ്ഞു. പരിപാടിയിൽ മഹല്ല് കമ്മിറ്റി ഭാരവാഹികൾ, ഹിഫ്ള് കോളേജ് പ്രതിനിധികൾ, മദ്രസ കമ്മിറ്റി അംഗങ്ങൾ, നാട്ടുകാർ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
#Six #haffle #Onchium #College #spiritual #garden