വടകര: ( vatakaranews.in ) ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി ട്വൻ്റി ട്വൻ്റി ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്കുള്ള ഫണ്ട് വിതരണത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ട അതി ദരിദ്രർക്കും പട്ടികജാതി വിഭാഗത്തിനുമാണ് ആദ്യഘട്ടത്തിൽ ഫണ്ട് നൽകിയത്. അങ്ങനെ നൽകിയ ഇരുപതോളം പേരുടെ ഭവന നിർമ്മാണം ഇപ്പോൾ പൂർത്തീകരണ ഘട്ടത്തിൽ എത്തിയിരിക്കുകയാണ്.


രണ്ടാംഘട്ടത്തിൽ 48 പേർക്കാണ് പദ്ധതിയുടെ ആദ്യ ഗഡുവായ നാല്പതിനായിരം രൂപയുടെ ചെക്ക് നൽകിയത്. ലൈഫ് ട്വൻ്റി ട്വൻ്റി പദ്ധതിയിൽ ആകെ 210 അപേക്ഷകളാണ് പഞ്ചായത്തിലെ 17 വാർഡുകളിൽ നിന്നായി ഉള്ളത്. ഇതിൽ 40 പേർക്ക് വിവിധ കാരണങ്ങളാൽ പദ്ധതിയുടെ ആനുകൂല്യത്തിന് അർഹത ലഭിക്കുന്നില്ല.
നേരത്തെ നൽകിയ നൽകിയ 20 പേരും ഇപ്പോഴുള്ള 48 പേരും കഴിച്ചു ബാക്കി 102 പേർക്ക് ഉടൻ തന്നെ അവരുടെ രേഖകൾ സമർപ്പിക്കുന്ന പക്ഷം അടുത്തഘട്ടത്തിൽ ഫണ്ട് നൽകും. 2017 ലെ 46 പേർക്കാണ് ലൈഫ് ഭവന പദ്ധതി പ്രകാരം പഞ്ചായത്ത് വീട് നിർമ്മിച്ചു നൽകിയത്.
പരിപാടിയുടെ ഉദ്ഘാടനം പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് സരള കൊള്ളിക്കാവിൽ അധ്യക്ഷയായി. വി.ഇ.ഒ. ബിജിത്ത് പദ്ധതി വിശദീകരിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷറഫ് വെള്ളിലാട്ട്, പി. എം. ലതിക, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ എൻ. അബ്ദുൽ ഹമീദ്, എ. സുരേന്ദ്രൻ, പി. രവീന്ദ്രൻ, ടി. കെ. ഹാരിസ്, ടി. സജിത്ത്, പി. കെ. ആയിഷ ടീച്ചർ, സുധാ സുരേഷ്, പി. കെ. ലിസ, എന്നിവർ സംസാരിച്ചു.
#lifehousingscheme #second #phase #fund #distribution #started #ayanchery