വടകര: (vatakaranews.in ) ലോൺ ആപ് ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് റൂറൽ ജില്ലയിൽ 40 കേസുകൾ രജിസ്റ്റർ ചെയ്തു, നിരവധിപേർ തട്ടിപ്പിനിരയായി. വയനാട്ടിൽ ലോൺ ആപ് വഴിയുള്ള ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി കുടുംബം ആത്മഹത്യചെയ്ത പാശ്ചാത്തലത്തിലാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.


വടകര പൊലീസ് നാല് കേസും ചോമ്പാല പൊലീസ് ഏഴ് കേസും പേരാമ്പ്ര പൊലീസ് അഞ്ച് കേസുമാണ് രജിസ്റ്റർ ചെയ്തത്. റൂറൽ ജില്ലയിലെ 21 പൊലീസ് സ്റ്റേഷനുകളിലും കേസെടുത്തിട്ടുണ്ട്. ഇതോടൊപ്പം പൊലീസിന്റെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച് ബോധവത്കരണവും ആരംഭിച്ചു.
വടകരയിലെ ഒരു വ്യാപാരി ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനുശേഷം അഞ്ച് ശതമാനം പലിശയും സർവിസ് ചാർജും ടാക്സുമടക്കം 40,000 രൂപ ആദ്യം വേണമെന്ന് ആവശ്യപ്പെട്ട പ്രകാരം നൽകിയിരുന്നു. പിന്നീട് വായ്പത്തുക നൽകാതെ വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി ശല്യംചെയ്തതോടെയാണ് പരാതി നൽകിയത്.
പുതുപ്പണത്തെ ഒരു യുവതിയിൽനിന്ന് 2,12,000 രൂപയും മറ്റൊരു റിട്ട. അധ്യാപികയിൽനിന്നും ബാങ്കിൽനിന്നും വിളിക്കുന്നതാണെന്ന് പറഞ്ഞ് പാൻകാർഡ് അപ്ലോഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒ.ടി.പി കരസ്ഥമാക്കിയശേഷം അക്കൗണ്ടിലെ 25,000 രൂപ തട്ടിയെടുത്തു.
ഇതേപോലെ നരിപ്പറ്റ സ്വദേശിയുടെ 40,000 രൂപയും ലോൺ ആപ് വഴി നഷ്ടപ്പെട്ടിട്ടുണ്ട്. ലോൺ ആപ് ഇൻസ്റ്റാൾ ചെയ്യരുതെന്നും തട്ടിപ്പിന് ഇരയാകുന്നവർ പൊലീസിന്റെ 1930 എന്ന നമ്പറിൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.
ഇത്തരം തട്ടിപ്പ് ആപ്പുകൾ ഫോണിൽനിന്ന് ഒഴിവാക്കണമെന്നും പൊലീസ് അറിയിച്ചു. റൂറൽ ജില്ല സൈബർ സെല്ലാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.
#Loanapp #11 #cases #registered #Vadakara