വടകര : ( vatakaranews.in ) ചെകുത്താനും കടലിനും നടുവിലെന്ന മട്ടിലാണ് ഈ നാട്ടുകാർ. എങ്ങോട്ട് പോകുമെന്ന ചോദ്യം മായി മാസങ്ങൾ . ചോറോട് ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി ചോറോട് - കുരിയാടി റോഡ് അടിപ്പാതയുടെ നിര്‍മാണ പ്രവൃത്തി ഇഴയുന്നു.


ആറു മാസം മുന്‍പ് ആരംഭിച്ച പ്രവൃത്തി ഇപ്പോള്‍ നിലച്ച മട്ടാണ്. നിലവിലുള്ള പാതയില്‍ ഗതാഗതം നിരോധിച്ചതോടെ കുരിയാടി, മീത്തലങ്ങാടി ഭാഗത്തേക്കുള്ള യാത്ര തടസ്സപ്പെട്ടു.
പുതിയ അടിപ്പാത നിര്‍മിക്കുന്നതിനായി ഇരുഭാഗത്തുമായി കോണ്‍ക്രീറ്റ് പില്ലര്‍ പണിത ശേഷം ഒരു പ്രവൃത്തിയും നടന്നിട്ടില്ല. പ്രവൃത്തി ആരംഭിക്കും മുന്‍പ് ഗതാഗതം നിരോധിക്കുകയും ചെയ്തു.
തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുകയും കാലവര്‍ഷം ആരംഭിക്കുകയും ചെയ്തതോടെ പ്രവൃത്തി പൂര്‍ണമായും നിലച്ചു. കോണ്‍ക്രീറ്റിന് ഇട്ട കമ്പികള്‍ അതേപടി നില്‍ക്കുകയാണ്. അടിപ്പാത വഴി വാഹന ഗതാഗതം നിരോധിച്ചതോടെ കിലോമീറ്ററുകള്‍ ചുറ്റിയാണ് കുരിയാടി ഉള്‍പ്പെടെയുള്ള ഭാഗത്തേക്കു നാട്ടുകാര്‍ പോകുന്നത്.
മുട്ടുങ്ങല്‍ സൗത്ത് യുപി സ്‌കൂള്‍, എരപുരം മാപ്പിള യുപി സ്‌കൂള്‍, എന്നിങ്ങനെ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് യാത്ര ദുരിതമായി. കടപ്പുറത്തെ ഫിഷറീസ് സ്‌കൂളിലേക്കുള്ള വഴി കൂടിയാണിത്.
സ്‌കൂള്‍ വാഹനങ്ങള്‍ക്ക് പുറമേ കുരിയാടിയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ചോമ്പാല ഹാര്‍ബറിലേക്ക് വാഹനത്തില്‍ പോകുന്നതിനും പ്രയാസം ഉണ്ട്. നിര്‍മാണ തൊഴിലാളികളില്‍ കുറച്ചു പേര്‍ തിരിച്ചെത്തിയെങ്കിലും പണി തുടങ്ങുന്ന ലക്ഷണമില്ല.
അടിപ്പാതയുടെ പ്രവൃത്തി അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ റോഡ് തുറന്നു കൊടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. പടം.. നിർമ്മാണം നിലച്ച ചോറോട് - കുരിയാടി അടിപ്പാത
#where #go #Chorodu #Kuriyadi #road #base #construction #dragging