ഒഞ്ചിയം: ( vatakaranews.in ) ജനവാസ മേഖലയിൽ ശ്മശാനം നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിന്. ഒഞ്ചിയം കണ്ണോത്ത് പറമ്പ് പ്രദേശത്താണ് ശ്മശാനം നിർമ്മിക്കാൻ നടപടികൾ ആരംഭിച്ചിട്ടുള്ളത്.


അങ്കണവാടിയും സ്കൂളും ഉൾപ്പടെ നിരവധി വീടുകൾ തിങ്ങിനിറഞ്ഞ പ്രദേശത്ത് ശ്മശാനം വരുന്നത്. വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആക്ഷൻ കമ്മിറ്റി ആരോപിക്കുന്നു. നീരൊഴുക്കുള്ള ഈ പ്രദേശത്തിനു ചുറ്റും നിരവധി കിണറുകളും ജലസ്രോതസുകളുമുണ്ട്.
സമീപ പ്രദേശത്തെ കുടുംബങ്ങളുടെ കുടിവെള്ളം മുട്ടുന്ന അവസ്ഥയായിരിക്കും ശ്മശാനം നിർമ്മിക്കുന്നതോടെ ഉണ്ടാകുകയെന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിക്കുന്നു. പ്രദേശവാസികളോടോ ആക്ഷൻ കമ്മിറ്റിയുമായോ ചർച്ചയൊന്നും നടത്താതെയും പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഗണിക്കാതെയുമാണ് ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് ഭരണസമിതി ശ്മശാനത്തിന് അനുമതി നൽകിയതെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്.
പഞ്ചായത്തിൻ്റെ ഏകപക്ഷീയ നിലപാടിനെതിരെ ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വകുപ്പിനും റവന്യു അധികൃതർക്കും നിവേദനം നൽകിയിട്ടുണ്ട്. പ്രദേശത്തെ കുടുംബാംഗങ്ങളായ അഞ്ഞൂറോളം പേർ ഒപ്പിട്ട നിവേദനമാണ് തഹസിൽദാർ ഉൾപ്പടെ റവന്യൂ അധികൃതർക്ക് നൽകിയിട്ടുള്ളത്.
പ്രദേശത്തെ പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിക്കുകയോ പ്രദേശവാസികളുമായി ചർച്ച നടത്തുകയോ ചെയ്യാതെ ശ്മശാന നിർമ്മാണവുമായി മുന്നോട്ടു പോയാൽ നിയമ നടപടികൾക്കൊപ്പം പഞ്ചായത്ത് ഓഫീസ് ഉപരോധം ഉൾപ്പടെയുള്ള പ്രത്യക്ഷ സമര പരിപാടികൾക്കും രൂപം നൽകുമെന്ന് കക്ഷിരാഷ്ട്രീയ ഭേദമന്യേ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.
#Locals #protest #against #construction #public #crematorium #residential #area #onchium