മടപ്പള്ളി: ( vatakaranews.in ) വളർന്നു വരുന്ന കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കാനായി എല്ലാവരുടെയും മുൻകൈയിൽ ബോധപൂർവ്വമായ ഇടപെടൽ നടത്തണമെന്ന് കെ.കെ.രമ എം.എൽ.എ. നാട്ടിൽ വളർന്നു വരുന്ന ലഹരി മാഫിയ കുട്ടികളെയും ക്യാംപസുകളെയുമാണ് ലക്ഷ്യം വെക്കുന്നത്.


ഇത്തരം ഭീകരമായ ലഹരിയുടെ പിടിയിൽ നിന്നും വായന എന്ന ലഹരിയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കേണ്ടതുണ്ട്. ജനപ്രതിനിധികളും, അധ്യാപകരും, വിദ്യാർത്ഥി സംഘടനകളുമടക്കം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഇതിനായി മുൻകൈ എടുക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
എം.എൽ.എ യുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ച് മടപ്പള്ളി ഗവ: കോളജിലെ ലൈബ്രറിയിലേക്കായി വാങ്ങിയ പുസ്തകങ്ങൾ കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സർക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഇത്തരം പുസ്തകങ്ങൾ വാങ്ങാനുള്ള അവസരമുണ്ടായത്.
ഈ സാധ്യത ഉപയോഗപ്പെടുത്തി മണ്ഡലത്തിലെ ഇതര സ്‌കൂൾ ലൈബ്രറികളിലേക്കും പുസ്തകങ്ങൾ എത്തിക്കുമെന്നും എം.എൽ.എ അറിയിച്ചു. ചടങ്ങിൽ വച്ച് കെ കെ രമ എംഎൽഎ കോളേജ് ലൈബ്രേറിയൻ ഡോ.വി.മിനിക്ക് പുസ്തകങ്ങൾ കൈമാറി.
കോളേജ് പ്രിൻസിപ്പൽ ഡോ.പ്രീത.ബി സ്വാഗതം പറഞ്ഞു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻറ് പി.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം യു.എം സുരേന്ദ്രൻ, പി.ടി.എ വൈസ് പ്രസിഡണ്ട് രജനി കെ.ബി, ഐ.ക്യു.എ.സി കോഡിനേറ്റർ അൻവർ.എൻ.കെ, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് സഹാഫ്, പി.ടി.എ സെക്രട്ടറി ഷിനു പി.എം തുടങ്ങിയവർ സംസാരിച്ചു.
#Conscious #intervention #should #done #inculcate #reading #habit #children #KKRama #MLA