---
title: "മാലിന്യമുക്ത വടകര;  ശുചിത്വം  ഉറപ്പാക്കാന്‍ ഗ്രീന്‍ യൂത്ത് ബ്രിഗേഡ്"
english_title: " Waste-free Vadakara: Hygiene Green Youth Brigade to ensure"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15128/waste-free-vadakara-hygiene-green-youth-brigade-to-ensure"
published_at: "2021-12-08T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b0b56f4e962_nagarasabha office .jpg"
keywords: []
---

# മാലിന്യമുക്ത വടകര;  ശുചിത്വം  ഉറപ്പാക്കാന്‍ ഗ്രീന്‍ യൂത്ത് ബ്രിഗേഡ്

> **Lead Summary:** വടകര: മാലിന്യമുക്ത വടകര പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ നഗരസഭയില്‍ 18 നും 35 നും ഇടയിലുള്ള യുവതീ യുവാക്കളില്‍ നിന്ന് തെരഞ്ഞെടുത്ത അഞ്ചുവീതം യൂത്ത് ബ്രിഗേഡര്‍മാര്‍ പ്രവര്‍ത്തിക്കും. അതത് വാര്‍ഡുകളിലെ റോഡുകളിലും ഇടവഴികളിലും ഒരു വേസ്റ്റ് കടലാസ് പോലും വലിച്ചെറിയുന്നില്ലെന്ന് ഉറപ്പു വരുത്തി പരിപാലിക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് ചെയര്‍മാന്‍ കെ. പി ബിന്ദു പറഞ്ഞു .

## Article Content

വടകര: മാലിന്യമുക്ത വടകര പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ നഗരസഭയില്‍ 18 നും 35 നും ഇടയിലുള്ള യുവതീ യുവാക്കളില്‍ നിന്ന് തെരഞ്ഞെടുത്ത അഞ്ചുവീതം യൂത്ത് ബ്രിഗേഡര്‍മാര്‍ പ്രവര്‍ത്തിക്കും. അതത് വാര്‍ഡുകളിലെ റോഡുകളിലും ഇടവഴികളിലും ഒരു വേസ്റ്റ് കടലാസ് പോലും വലിച്ചെറിയുന്നില്ലെന്ന് ഉറപ്പു വരുത്തി പരിപാലിക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് ചെയര്‍മാന്‍ കെ. പി ബിന്ദു പറഞ്ഞു .

വടകരയിയിലെ സമ്പൂര്‍ണ്ണ മാലിന്യമുക്ത പരിപാടി സുസ്ഥിരമായി നിലനിര്‍ത്തുന്നതിന്റ ഭാഗമായി വാര്‍ഡുകളില്‍ നിന്ന് തെരഞ്ഞെടുത്ത ഗ്രീന്‍ യൂത്ത് ബ്രിഗേഡ് മാര്‍ക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ആഴ്ചയില്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും സമയം ചെലവഴിച്ച് വാര്‍ഡിലെ എല്ലാ പാതകളും സന്ദര്‍ശനം നടത്തി കൗണ്‍സിലര്‍മാര്‍, ഗ്രീന്‍ വാര്‍ഡ് ക്ലസ്റ്റര്‍ ലീഡര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെ ഇത് ഉറപ്പുവരുത്തും. ഓരോ മാസാവസാന വും നഗരസഭ ഇതിന്റെ റിപ്പോര്‍ട്ട് ശേഖരിക്കും. രണ്ടുമാസത്തിലൊരിക്കല്‍ യൂത്ത് ബ്രിഗേഡ് മാരുടെ അവലോകന യോഗം നടത്തി മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവരെ സ്റ്റാര്‍ പദവി നല്‍കി അനുമോദിക്കും.

യൂത്ത് ബ്രിഗേഡ് മാര്‍ക്ക് ഐ .ഡി. കാര്‍ഡും രണ്ടുവീതം യൂണിഫോമും ഡിസംബര്‍ 15ന് നല്‍കുകയും നിയമപരമായുള്ള പൂര്‍ണ്ണ പിന്തുണയും നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ചെയര്‍മാന്‍ അറിയിച്ചു. വൈസ് ചെയര്‍മാന്‍ പി. കെ സതീശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച പരിശീലനപരിപാടിയില്‍ ഹരിത കേരള മിഷന്‍ ചീഫ് കണ്‍സള്‍ട്ട് ജഗജീവന്‍, കോര്‍ഡിനേറ്റര്‍ മണലില്‍ മോഹനന്‍, ടി. പി. ബിജു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. കെ വനജ, സിന്ധു പ്രേമന്‍, എം .ബിജു ആശംസകള്‍ നേര്‍ന്നു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. പി പ്രജിത സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി. എ. വിന്‍സെന്റ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15128/waste-free-vadakara-hygiene-green-youth-brigade-to-ensure)