മണിയൂർ: ( vatakaranews.in ) മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ മുറ്റത്ത് നിന്നും ലഭിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗൃഹനാഥന് പരിക്ക്. പുതിയെടത്തിടം ക്ഷേത്രത്തിന് സമീപം എരവത്ത് താമസിക്കും പുതുക്കുടി രാജനാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഉഗ്ര ശബ്ദത്തോടെ നടന്ന സ്ഫോടനത്തിൽ കാലിനും വയറിനും പരിക്കേറ്റ രാജനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇന്നലെ വൈകിട്ടോടെ വൈക്കോൽക്കെട്ടിന് സമീപത്ത് നിന്നും ചുവപ്പ് നിറത്തിലുള്ള സെലോടേപ്പിൽ പൊതിഞ്ഞ് പന്തിന്റെ രൂപത്തിലുള്ള ഒരു വസ്തു രാജന് ലഭിക്കുകയായിരുന്നു. ഏറെ നേരം പരിശോധിച്ചിട്ടും വസ്തു എന്താണെന്ന് മനസിലാകാതെ വന്നതോടെ ടെറസിൽ നിൽക്കുകയായിരുന്ന ഭാര്യയ്ക്ക് രാജൻ വസ്തു എറിഞ്ഞുകൊടുത്തു. കുറേ നേരം നോക്കിയിട്ടും വസ്തു എന്താണെന്ന് മനസിലാകാതെ വന്നതോടെ ഇത് കുട്ടികൾ കളിക്കുന്ന കളിപ്പാട്ടമാവുവെന്ന് പറഞ്ഞ് ഭാര്യ രാജന് തന്നെ എറിഞ്ഞു കൊടുക്കുകയായിരുന്നു.
താഴേക്ക് വീണതോടെ വസ്തു ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പരിക്കേറ്റ രാജനെ ഉടൻ തന്നെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന വടകര പോലീസ് സ്ഥലത്തെത്തുകയും പാഥമിക പരിശോധന നടത്തുകയും ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. ബോംബ് സ്ക്വാഡ് എത്തി വീടിനടുത്തും പരിസരത്തും പരിശോധന നടത്തി. പശുവിനായി കൊണ്ടു വന്ന വൈക്കോൽക്കെട്ടിലൂടെയാവും സ്ഫോടക വസ്തു വീട്ടിലെത്തിയത് എന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിച്ചത് ഏറു പടക്കമാണെന്നും സംഭവം വളരെ ഗൗരവത്തിലാണ് പോലീസ് നോക്കിക്കാണുന്നതെന്നും വടകര സി.ഐ രാജൻ പറഞ്ഞു.
#Explosive #device #detonated #backyard #Maniyur #householder #injured