ഒഞ്ചിയം: (vatakaranews.in) വിദ്യാർത്ഥികളെ വിജയതീരമണിയിക്കാനായി ഒഞ്ചിയം മദ്രസയിൽ രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. ഓർക്കാട്ടേരി റേഞ്ചിന് കീഴിലുള്ള ഒഞ്ചിയം നുസ്രത്തുൽ ഇസ്ലാം മദ്രസയിലാണ് 'പോസിറ്റീവ് പാരന്റിങ്' എന്ന ശീർഷകത്തിൽ രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചത്.


മദ്രസ സദർ മുഅല്ലിം അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം മഹല്ല് സെക്രട്ടറി യു.അഷ്റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മക്കളെ ഉത്തരവാദിത്വമുള്ള പൗരൻമാരാക്കി മാറ്റിയെടുക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി എസ്.എം.എഫ് റിസോഴ്സ് പേഴ്സൺ വി.എം. അഷ്റഫ് മാസ്റ്റർ മണിയൂർ മുഖ്യ പ്രഭാഷണം നടത്തി.
എങ്ങനെ ഒരു മാതൃക രക്ഷിതാവാകാം?, പരീക്ഷാ സമയത്ത് വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന വേവലാതികളെ എങ്ങനെ മറികടക്കാം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായി ക്ലാസ്സ് നൽകുകയുണ്ടായി.
ഫെബ്രുവരി അവസാനം മദ്രസ പൊതു പരീക്ഷ നടക്കുന്നതിനാൽ നൂറു കണക്കിന് രക്ഷിതാക്കളും വിദ്യാർത്ഥികളുമാണ് പരിപാടിയിൽ പങ്കെടുത്തത്.
പതിറ്റാണ്ടുകളായി മേഖലയിലെ മികച്ച മദ്രസ എന്ന സൽപേര് കാത്തുസൂക്ഷിക്കുന്ന ഒഞ്ചിയം നുസ്രത്തുൽ ഇസ്ലാം മദ്രസയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന വാർഷിക പരീക്ഷയിലും മികച്ച വിജയം നേടുമെന്നുറപ്പിക്കുന്ന തരത്തിലായിരുന്നു പരിപാടിക്കുശേഷം രക്ഷിതാക്കളുടെ വിലയിരുത്തൽ.
മഹല്ല് പ്രസിഡന്റ് കെ പി ഇബ്രാഹിം ഹാജി സംസാരിച്ചു. എൻ.ഐ.എം. സെക്രട്ടറി പി.പി.കെ അബ്ദുല്ല സാഹിബ് സ്വാഗതം പറഞ്ഞു. ട്രഷറർ കെ പി അബ്ദുല്ല ഹാജി നന്ദിയും പറഞ്ഞു.
#victory #Onetime #parent #meeting