വടകര: (vatakaranews.in) വടകര ടൗണിനെ താഴെ അങ്ങാടിയുമായി ബന്ധിപ്പിക്കുന്ന ഒന്തം റോഡ് അടയ്ക്കാനുള്ള റെയിൽവേ അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.


പതിറ്റാണ്ടുകളായി നാട്ടുകാർ കാൽനടയ്ക്കായി കോർട്ട് റോഡിൽ നിന്നും പാക്കയിൽ, താഴെ അങ്ങാടി എന്നിവിടങ്ങളിലേക്ക് പോകേണ്ട വഴി തടസ്സപ്പെടുത്തിയാൽ നേരിടുന്ന ദുരിതം സമിതി അംഗങ്ങളായ പ്രദീപ് ചോമ്പാല, പി.എം.മുസ്തഫ എന്നിവരാണ് അറിയിച്ചത്.
ഡിസംബർ ഏഴിന് പാലക്കാട് റെയിൽവേ അധികൃതരെ നേരിൽ കണ്ട് വഴി തടസ്സപ്പെടുത്തുന്ന വിഷയത്തിൽ ബദൽ മാർഗ്ഗങ്ങൾ ചർച്ച ചെയ്യുമെന്ന് കെ.കെ.രമ എം.എൽ.എ പറഞ്ഞു.
ഫൂട്ട് ഓവർ ബ്രിഡ്‌ജിന്റെ കാര്യം റെയിൽവേ അധികൃതരെ അറിയിക്കുമെന്ന് എം.എൽ.എ പറഞ്ഞു. വിലങ്ങാട് നിന്നും ചുരമില്ലാത്ത റോഡ് യാഥാർഥ്യമാക്കാൻ സത്വര നടപടി വേണമെന്ന് സമിതി അംഗങ്ങളായ പി.സുരേഷ് ബാബു, പി.പി.രാജൻ എന്നിവർ ആവശ്യപ്പെട്ടു.
6.5 കിലോമീറ്റർ ദൂരത്തിൽ റോഡ് പണിയാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. റോഡ് യാഥാർഥ്യമാക്കാൻ താലൂക്കിലെ മുഴുവൻ ജനപ്രതിനിധികളും മുഴുവൻ രാഷ്ട്രീയ പാർട്ടികളും മുൻകൈ എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
നടക്കുതാഴെ വില്ലേജിൽ ഒഴിഞ്ഞു കിടക്കുന്ന ജീവനക്കാരുടെ തസ്തികയിൽ നിയമനം നടത്തണമെന്നും ആവശ്യപ്പെട്ടു. കെ.കെ.രമ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.പി.ചന്ദ്രി (കുന്നുമ്മൽ), കെ.പി.ഗിരിജ (വടകര) സമിതി അംഗങ്ങളായ പി.സുരേഷ് ബാബു, പി.പി.രാജൻ, പ്രദീപ് ചോമ്പാല, ബാബു ഒഞ്ചിയം, പുറന്തോടത്ത് സുകുമാരൻ, പി.എം.മുസ്തഫ, ടി.വി.ബാലകൃഷ്ണൻ, ടി.പി.ഗംഗാധരൻ, സി.കെ.കരീം, ബാബു പറമ്പത്ത്, കെ.ടി.അബ്ദുള്ള എന്നിവർ സംസാരിച്ചു. തഹസിൽദാർ കല ഭാസ്കർ സ്വാഗതം പറഞ്ഞു
#close #road #railway #Taluk #Development #Committee