വടകര: (vatakaranews.in) വടകരയിലെ ട്രെയിൻ യാത്രികരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി പാലക്കാട് റയിൽവേ ഡിവിഷൻ മാനേജരെ നേരിൽകണ്ട് കെ.കെ.രമ എം.എൽ.എ.


വടകര മേഖലയിലെ ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ടും റെയിൽവെ സ്റ്റേഷൻ നവീകരണവുമായി ബന്ധപ്പെട്ടും വടകരയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടി പാലക്കാട് റയിൽവേ ഡിവിഷൻ മാനേജരെ നേരിൽ കണ്ട് കെ.കെ.രമ എം.എൽ.എ.
റെയിൽവേയുമായി ബന്ധപ്പെട്ട് നിരവധിയായ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് പാലക്കാടു പോയി ഡിവിഷണൽ മാനേജരെ നേരിൽ കണ്ടതെന്ന് എം.എൽ.എ പറഞ്ഞു.
നാഷണൽ ഹൈവേയുടെ പ്രവൃത്തി നടക്കുന്നതിനാൽ വടകര താലൂക്കിലെ വിദ്യാർത്ഥികളടക്കമുള്ള ഭൂരിഭാഗം ജനങ്ങളും ഇപ്പോൾ ട്രെയിൻ ഗതാഗതത്തെയാണ് കൂടുതൽ ആശ്രയിക്കുന്നത്.
ഇവരെല്ലാവരും ആശ്രയിക്കുന്നത് വടകര റയിൽവേ സ്റ്റേഷനെയാണ്. എന്നാൽ യാത്രികരുടെ എണ്ണത്തിനനുസൃതമായ സേവനം വടകരയിൽ ലഭ്യമല്ല എന്നത് വലിയ പ്രശ്നമായി തുടരുകയാണ്.
കോഴിക്കോട് നിന്നും വടകരഭാഗത്തേക്കു വരുന്ന വൈകുന്നേരത്തെ പരശുറാം എക്സ്പ്രസ്സിൽ യാത്രികരെ ഉൾക്കൊള്ളാൻ കഴിയാത്ത വിധം തിരക്കാണ് അനുഭവപ്പെടുന്നത്.
കഴിഞ്ഞ ദിവസമുൾപ്പെടെ തിരക്കുകാരണം യാത്രികരായ വിദ്യാർത്ഥികൾ കുഴഞ്ഞു വീണതുൾപ്പെടെയുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ പരശുറാം എക്സ്പ്രസ്സിൽ കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കണം എന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
22 ബോഗികൾ ഇപ്പോൾ പരശുറാം എക്സ്പ്രസ്സിലുണ്ടെന്നും. ട്രെയിനിന്റെ എൻഡിങ് സ്റ്റേഷനായ നാഗർകോവിലിൽ രണ്ടുമാസത്തിനകം പ്ലാറ്റ്‌ഫോം നീട്ടി നിർമിക്കുന്നതിന്റെ പ്രവൃത്തി പൂർത്തിയാകുമെന്നും അതിനുശേഷം മാർച്ച് മാസത്തോടെ ട്രെയിനിൽ അഡീഷണൽ ബോഗികൾ അനുവദിക്കാമെന്ന് ഉറപ്പുലഭിച്ചതായും എം.എൽ.എ പറഞ്ഞു.
കോവിഡ് മാനദണ്ഡത്തിന്റെ ഭാഗമായി ഉണ്ടായ പുതിയ നിർദ്ദേശങ്ങളെ തുടർന്ന് ലോക്കൽ സ്റേഷനുകളായ മുക്കാളി, നാദാപുരം റോഡ് എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ നിർത്തലാക്കിയിരുന്നു.
രാവിലെ കണ്ണൂരിൽ നിന്നും ഷൊർണ്ണൂരിലേക്കു പോകുന്ന മെമു ട്രെയിനിന് ഈ രണ്ടു സ്റ്റോപ്പുകളും പുനഃസ്ഥാപിച്ചു നൽകണമെന്ന ആവശ്യവും പരിഗണിക്കുമെന്ന് ഉറപ്പുനല്കിയതായും എം.എൽ.എ പറഞ്ഞു. ഇങ്ങനെ വന്നാൽ ഈ ഭാഗത്തെ യാത്രികർക്ക് ഇത് ഏറെ ആശ്വാസകരമായിരിക്കും.
കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തലാക്കിയ മുതിർന്ന പൗരന്മാർക്കുണ്ടായിരുന്ന യാത്രാ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, മലബാർ മേഖലയിൽ കൂടുതൽ ഹ്രസ്വദൂര ട്രെയ്നുകൾ അനുവദിക്കുക, ട്രെയിൻ യാത്രാനിരക്കുകൾ കുറയ്ക്കുക, ട്രെയിനുകൾ വൈകുന്നതും റദ്ദ്ചെയ്യുന്നതും ഒഴിവാക്കി സർവീസുകളിൽ കൃത്യനിഷ്ഠയും വിശ്വാസ്യതയും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ മേലധികാരികൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനും ആവശ്യപ്പെട്ടിട്ടുള്ളതായി എം.എൽ.എ പറഞ്ഞു.
കാലങ്ങളായി വടകര താഴയങ്ങാടിയിലെ ജനങ്ങൾ ഉപയോഗിക്കുന്ന ഒന്തം റോഡിലെ റെയിൽവേ ലൈൻ മുറിച്ചുകടക്കുന്ന പാത അടച്ചിടുന്നതിനുള്ള തീരുമാനത്തിലെ വടകര ജനതയുടെ പ്രതിഷേധം ഡിവിഷൻ മാനേജറെ നേരിട്ട് അറിയിച്ചതായും എം.എൽ.എ പറഞ്ഞു.
തഴയങ്ങാടിയിലെ ജനങ്ങൾക്ക് കാൽനടയായി വടകര നഗരത്തിൽ എത്തിച്ചേരാനുള്ള എളുപ്പവഴിയാണ് ഈ തീരുമാനം മൂലം ഇല്ലാതാവുക. അതിനാൽ ഇത് അടച്ചു പൂട്ടുന്നതിനു മുൻപ് അതെ സ്ഥലത്തു ഒരു ഫുട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യം അധികൃതരുമായി ചർച്ചചെയ്തതായും എം.എൽ.എ പറഞ്ഞു.
ഇതുസംബന്ധിച്ചു കൂടുതൽ പരിശോധനകൾ നടത്തി ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്നു അധികൃതർ അറിയിച്ചതായും എം.എൽ.എ അറിയിച്ചു.അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി വടകര റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവൃത്തികൾ നടന്നു വരികയാണ്.
പ്രവൃത്തിയുടെ ഭാഗമായി റെയിൽവേ സ്റേറഷനോട് ചേർന്ന് പാക്കയിൽ ഭാഗത്തായി കിടക്കുന്ന കണ്ടൽക്കാടുകൾ സംരക്ഷിച്ചു നിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡിവിഷൻ മാനേജറുമായി ചർച്ച നടത്തിയതായും എം.എൽ.എ പറഞ്ഞു.
ഇത് വേണ്ടവിധത്തിൽ സംരക്ഷിക്കപ്പെടാത്തതുമൂലം ഇപ്പോൾ ഇത് മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലമായി മാറിക്കൊണ്ടിരിക്കുകയാണ്. സ്റ്റേഷനിൽ നടക്കുന്ന നവീകരണ പ്രവൃത്തിയോടൊപ്പം കണ്ടൽക്കാടുകൾ കൂടെ സംരക്ഷിച്ചു നിലനിർത്താൻ കഴിഞ്ഞാൽ അത് ഏറെ ഗുണകരമായിരിക്കും.
ഈ ആവശ്യങ്ങളോടെല്ലാം ഏറെ അനുകൂലമായ പ്രതികരണമാണ് ഡിവിഷൻ മാനേജറുടെ ഭാഗത്തിനിന്നും ഉണ്ടായതെന്നും. ഇതു സംബന്ധിച്ച് കേന്ദ്രമന്ത്രിക്കും സതേൺ റെയിൽവെ ജനറൽ മാനേജർക്കും നിവേദങ്ങൾ അയയ്ക്കുകയും റയിൽവേ ഡിവിഷൻ മാനേജർക്ക് നേരിട്ട് സമർപ്പിക്കുകയും ചെയ്തതായി എം.എൽ.എ പറഞ്ഞു.
#Train #travel #misery #KKRamaMLA #submitted #petition #Railway #DivisionManager