വടകര : (vatakara.truevisionnews.com) ശുചിത്വമിഷന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ജില്ലാതല അവലോകന യോഗം ചേർന്നു. ആരോഗ്യ വകുപ്പ്, വെറ്ററിനറി വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവ ചേർന്ന് കണ്ടെത്തിയ ഹോട്ട്സ്പോട്ടുകൾ ശുചീകരിച്ചതിന്റെ ഭാഗമായി സ്വീകരിച്ച നടപടികൾ യോഗം അവലോകനം ചെയ്തു.
അവലോകനത്തിന്റെ ഭാഗമായി ജലാസ്രോതസ്സുകളുടെ എണ്ണം, ശുചീകരിച്ചത്, ശുചീകരിക്കാൻ ബാക്കിയുള്ളത് എന്നതിന്റെ കണക്കെടുത്തു. മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി മുതലായ രോഗങ്ങൾ മുൻപ് ഉണ്ടായിട്ടുള്ളതും ഉണ്ടാകാൻ സാഹചര്യമുള്ളതുമായ വാർഡുകളാണ് ഹോട്ട്സ്പോട്ടുകളായി കണക്കാക്കിയിരിക്കുന്നത്.
കൂടാതെ വെസ്റ്റ് നൈൽ പനി നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും നടന്നുവരുന്നുണ്ട്. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ കോഴിക്കോട് ജില്ലാ തദ്ദേശ സ്വയഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ ടി ജെ നേതൃത്വം നൽകി.
ജില്ലയിലെ 28 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നോഡൽ ഓഫീസർമാർ പങ്കെടുത്തു. അസിസ്റ്റന്റ് ഡയറക്ടർ പൂജ ലാൽ, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ഗൗതമൻ എം എന്നിവർ സംസാരിച്ചു.
#Pre-monsoon #cleaning #District #level #review #meeting #held