അഴിയൂർ: ദേശീയപാതയിൽ കശുവണ്ടി വികസന കോർപ്പറേഷന്റെ പഴയ യാർഡിൻ്റെ ചുറ്റുമതിൽ പൊടുന്നനെ പൊളിഞ്ഞുവീണു.
ഇന്നലെ വൈകുന്നേരമാണ് വിദ്യാർത്ഥികളും പരിസരവാസികളും നടന്നുപോകുന്ന വഴിയുടെ സമീപത്തെ കൂറ്റൻ മതിൽ പൊടുന്നനെ തകർന്നു വീണത്.
ആ സമയം ആരും വഴിയിലൂടെ സഞ്ചരിക്കാതിരുന്നത് കാരണം വൻ അപകടമാണ് ഒഴിവായത്.
പതിറ്റാണ്ടുകൾ പഴക്കമുള്ള ചുറ്റുമതിലിൻ്റെ ശോചനീയാവസ്ഥ സംബന്ധിച്ച് രണ്ടുവർഷം മുമ്പ് പ്രദേശവാസികൾ വാർഡ് മെമ്പർ സാലിം പുനത്തിൽ കശുവണ്ടി വികസന കോർപ്പറേഷന് നിവേദനം നൽകിയിരുന്നു.
പക്ഷേ യാതൊരു നടപടിയും എടുത്തിരുന്നില്ല.
മതിലിന്റെ അടിത്തറ ഭാഗം പലഭാഗങ്ങളിലായി തകർന്നിട്ടുണ്ട്.
ഇതിനിടെയാണ് ഏകദേശം എട്ടു മീറ്ററോളം നീളത്തിൽ ചുറ്റുമതിൽ മുഴുവനായും തകർന്നു വീണത്.
പഞ്ചായത്ത് പ്രസിഡണ്ട് ആയിശ ഉമ്മർ, വാർഡ് മെമ്പർ സാലിം പുനത്തിൽ, സെക്രട്ടറി ഷാജി എന്നവർ സ്ഥലം സന്ദർശിച്ചു.
കശുവണ്ടി വികസന കോർപ്പറേഷൻ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.
#surrounding #wall#company #fell #down #huge #accident #avoided