അഴിയൂർ : (vatakara.truevisionnews.com)കെ.എസ്.ഇ.ബി അഴിയൂർ സെക്ഷനിൽ സ്വന്തം ഫീഡർ വേണമെന്ന ആവശ്യം ഫയലിൽ ഉറങ്ങുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി ഉന്നയിക്കുന്ന ആവശ്യമാണ് ചുവപ്പ് നാടയിൽ കുടുങ്ങി കിടക്കുന്നത്.
ഓർക്കാട്ടേരി 220 കെവി സബ്ബ് സ്റ്റേഷൻ വന്നതോടെ അഴിയൂരിൽ സ്വന്തം ഫീഡർ എന്ന ആവശ്യത്തിന് ചിറക് മുളച്ചിരുന്നു. ഇതിന് ആവശ്യമായ ക്രമീകരണങ്ങളും നടന്നു.
തുടർന്ന് തടസ്സമില്ലാതെ വൈദ്യുതി ലഭിക്കാനുള്ള യു ജി കേബിൾ വഴി ഫീഡർ നിർമ്മാണം തുടങ്ങിയെങ്കിലും പണി പൂർത്തിയായപ്പോൾ ചരട് വലിയിലൂടെ മുട്ടുങ്ങൽ സെക്ഷനിലേക്ക് ഇത് മാറ്റി.
അഴിയൂരിൽ പ്രത്യേക ഫീഡർ വലിക്കാനുള്ള എസ്റ്റിമേറ്റ് വീണ്ടും സെക്ഷൻ അധികൃതർ നൽകിയെങ്കിലും വലിയ ചിലവ് വരുമെന്ന വിചിത്ര വാദം പറഞ്ഞു ഈ ആവശ്യം തള്ളുകയായിരുന്നു.
തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന മുട്ടുങ്ങൽ, ചൊക്ലി, വടകര എന്നീ സെക്ഷനുകളിൽ സ്വന്തം ഫീഡറുണ്ട്.
അഴിയൂരിൽ വൈദ്യുത വിതരണം കാര്യക്ഷമമാക്കാൻ ഈ സെക്ഷൻ കനിയണം. പലപ്പോഴും ഈ സെക്ഷനുകളിൽ തകരാർ വരുമ്പോൾ അഴിയൂർ ഭാഗത്ത് ലൈൻ ഓഫ് ചെയ്യും.
സ്വന്തമായ ഫീഡർ ഇല്ലാത്തത് മൂലം അഴിയൂർ സെക്ഷനിൽ വൈദ്യുതി മുടക്കം പതിവ് സംഭവമാണ്. മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതിനാൽ ഉപഭോക്താക്കൾ ഏറെ പ്രയാസം നേരിടുകയാണ്.
ഫീഡറിനായി വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നുവെങ്കിലും ഫലം നിരാശ മാത്രമാണ്.
ഈ കാര്യത്തിൽ ജനപ്രതിനിധികൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.
#KSEB #sleeps #own #feeder #file #Azhiyur #section