തിരുവള്ളൂർ: (vatakara.truevisionnews.com)തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിൽ സെക്രട്ടറിയേയും ജീവനക്കാരേയും തുടർച്ചയായി സ്ഥലം മാറ്റുന്നതിൽ യു.ഡി.എഫ് ജനപ്രതിനിധികൾ പ്രതിഷേധ പ്രകടനവും ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ്ണയും നടത്തി.


നിലവിലെ ഭരണസമിതി ചുമതലയേറ്റശേഷം പതിനൊന്നാമത്താളാണ് സെക്രട്ടറി ചുമതലയിലേക്ക് വന്നത്. ഒരു വർഷത്തിനിടെതന്നെ നാലാമതായാണ് സെക്രട്ടറി സ്ഥലം മാറ്റപ്പെട്ടത്.
സപ്തംബർ 13 ന് ചുമതലയേറ്റ നിലവിലെ സെക്രട്ടറിക്ക് സപ്തംബർ 29 ന് സ്ഥലംമാറ്റ ഉത്തരവ് വരികയായിരുന്നു. നിലവിലെ അസി സെക്രട്ടറിയും സ്ഥലം മാറ്റിയശേഷം പകരം സംവിധാനമായിട്ടില്ല.
ഇതുകാരണം ലൈഫ് പദ്ധതി ഉൾപ്പെടെ ഒട്ടേറെ സുപ്രധാനപദ്ധതികളുടെ നിർവ്വഹണത്തിന് വേഗത കുറയാൻ കാരണമാവുകയാണ്. സേവനാവകാശം നിയമമായി നിൽക്കുന്ന രാജ്യത്താണ് നിക്ഷിപ്ത താല്പര്യ സംരക്ഷണത്തിനു വേണ്ടി സ്ഥലം മാറ്റങ്ങൾ ഉണ്ടാവുന്നത്.
സി.പി.എം ന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻവേണ്ടി സർക്കാർ എത്ര തന്നെ പകപോക്കലിന് തയ്യാറായാലും ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പതറില്ലെന്നും ജനങ്ങൾ അർപ്പിച്ച വിശ്വാസം പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഭരണ സമിതിക്കുണ്ടെന്നും പ്രസിഡന്റ് സബിത മണക്കുനിയും വൈസ് പ്രസിഡന്റ് എഫ് എം മുനീറും വ്യക്തമാക്കി.
സമരത്തിന് ജനപ്രതിനിധികളായ സബിത മണക്കുനി, എഫ് എം മുനീർ , നിഷില കോരപ്പാണ്ടി, കെ.വി.ഷഹനാസ് , ബവിത്ത് മലോൽ, പി.സി ഹാജറ, കെ.സി നബീല ,രതീഷ് അനന്തോത്ത്, ജസ്മിന ചങ്ങരോത്ത്, ഡി പ്രജീഷ് സംബന്ധിച്ചു.
#Continuous #relocation #employees #People #representatives #organized #protest