വടകര: (vatakara.truevisionnews.com)ചിരപുരാതനമായ കുട്ടോത്ത് വിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷം ഗ്രാമോത്സവമായി മാറുന്നു.
ഒക്ടോബർ 3 ന് തുടങ്ങിയ നവരാത്രി ആഘോഷത്തിന് നല്ല ജനപങ്കാളിത്തമാണ് അനുഭവപ്പെടുന്നത്.
പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി പ്രഭാഷണം, സംഗീതാർച്ചന, ഭക്തിഗാനാമൃതം, കാവ്യകേളി, കളരിപ്പയറ്റ്, ഭജന, തിരുവാതിരക്കളി, അംഗൻവാടി കുട്ടികളുടെ കലാപരിപാടികൾ, ഭരതനാട്യം, മോഹിനിയാട്ടം, കൈകൊട്ടികളി, അക്ഷരശ്ലോകസദസ്സ്, വീണ കച്ചേരി, പുല്ലാങ്കുഴൽ നാദം, ഭക്തി ഗാനമേള, സോപാന സംഗീതം, അഷ്ടപദികച്ചേരി, നൃത്തനൃത്യങ്ങൾ, ഡ്രാമ ഡാൻസ്, സബ്ബ് ജില്ലാ-ജില്ലാ-സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളുടെ കലാപരിപാടികൾ, ഗ്രാമ സന്ധ്യ എന്നിവയാണ് വിവിധ ദിവസങ്ങളിലായി നടക്കുന്നത്.
ദിനം പ്രതി നൂറ് കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. മുഴുവൻ ഭക്തജനങ്ങൾക്കും പ്രഭാത-സായാഹ്ന ലഘുഭക്ഷണം നൽകി വരുന്നു.
ജീർണിച്ചു പോയ ക്ഷേത്രത്തെ രക്ഷിക്കാൻ 1987 നവംബർ 16 ന് പ്രദേശത്തെ ഭക്തജനങ്ങളുടെ യോഗം ചേർന്ന് നടത്തിയ പ്രവർത്തനമാണ് ക്ഷേത്രത്തിന് നവീനമുഖം ലഭിച്ചത്.
37 വർഷമായി ഘട്ടംഘട്ടമായി നടത്തിയ പ്രവർത്തനഫലമായി ഇന്ന് വടകരയിലെ അറിയപ്പെടുന്ന ക്ഷേത്രമായി ഇത് മാറി. നവരാത്രി മഹോത്സവം വിജയമാക്കുന്നതിന് പി.പി.മുകുന്ദൻ (പ്രസിഡന്റ്), വൈഷ്ണവം പത്മനാഭൻ (സെക്രട്ടറി), പി.പി.കുട്ടികൃഷ്ണൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായ കമ്മിറ്റിയാണ് രംഗത്തുള്ളത്.
#Navratri #celebration #Kutoth #Vishnu #temple #turns# village #festival