വടകര: (vatakara.truevisionnews.com ) പുത്തൂരിൽ വീട്ടിൽ കയറി റിട്ട. പോസ്റ്റ്മാനെ അക്രമിച്ച സംഭവത്തിൽ അഞ്ച് പേർ റിമാൻഡിൽ.
ക്വട്ടേഷൻ നൽകിയ മനോഹരൻ, ക്വട്ടേഷൻ ടീം അംഗങ്ങളായ വിജീഷ്, രഞ്ജിത്ത്, സുരേഷ്, മനോജ് എന്നിവരാണ് റിമാൻഡിലായത്. വടകര കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്.
മനോഹരനും അക്രമിക്കപ്പെട്ട രവീന്ദ്രനും തമ്മിൽ കുറച്ച് കാലമായി ഒരു വസ്‌തുമായി ബന്ധപ്പെട്ട് വാക്ക് തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് മനോഹരൻ രവീന്ദ്രനെതിരെ ക്വട്ടേഷൻ കൊടുത്തത്.
നവംബർ 4 തിങ്കളാഴ്‌ച രാത്രി 10.30 ഓടെയാണ് മൂന്നംഗ സംഘം വീട്ടിൽ കയറി രവീന്ദ്രനെ അക്രമിച്ചത്. അക്രമം തടയാനെത്തിയ മകൻ ആകാശിനും പരിക്കേറ്റിരുന്നു. തുടർന്ന് രവീന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ആകാശിനെ വടകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വടകര പോലീസ് വീട്ടിൽ എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹെൽമറ്റ് ധരിച്ച രണ്ടുപേരും മുഖത്ത് കറുപ്പ് ചായം തേച്ച ഒരാളുമാണ് തന്നെ അക്രമിച്ചതെന്ന് രവീന്ദ്രൻ പോലീസിന് മൊഴി നൽകിയിരുന്നു. 20000 രൂപയ്ക്കാണ് ക്വട്ടേഷൻ കൊടുത്തത് എന്നാണ് പോലിസിന് ലഭിച്ച വിവരം.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും അക്രമികൾ എത്തിയ വാഹനം കണ്ടെത്തിയതോടെയാണ് പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. തുടർന്ന് കഴിഞ്ഞദിവസം അഞ്ച് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അക്രമികൾ വന്ന ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എസ്.ഐ പവനൻ, എഎസ്ഐ രാജേഷ് ഇ, എഎസ്ഐ ഗണേഷൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ റിനീഷ് കൃഷ്‌ണ, സീനിയർ സിവിൽ പോലീസ് ഓഫീസർസൂരജ്, സിപിഒ സജീവൻ സി.എം എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
#14 #days #case #assaulting #retired #postman #breaking #into #his #house #Vadakara #Puttur #Five #people #are #remand