വടകര: (vatakara.truevisionnews.com) ഒരു കല്യാണവീട്ടിൽ ആഘോഷവും ആരവവും ഇല്ല, ഈ കല്യാണവീടിനെ വേറിട്ടുനിര്‍ത്തിയത് ഗാന്ധിജിയുടെ സാന്നിധ്യം.
വടകര വള്ളിക്കാട് പുതുക്കുടിത്താഴക്കുനി മുസ്തഫയുടെ മകന്‍ മുഹമ്മദ് മുഷ്താഖിന്റെ വിവാഹമാണ് ഗാന്ധിസ്മൃതിയാല്‍ നിറഞ്ഞത്.
കല്യാണവീട്ടിലേക്ക് വരവേറ്റത് ഗാന്ധി ഫോട്ടോപ്രദര്‍ശനം, പിന്നെ ഗാന്ധിജി എഴുതിയതും അദ്ദേഹത്തെക്കുറിച്ച് എഴുതിയതുമായ പുസ്തകപ്രദര്‍ശനം, പന്തലില്‍ ഗാന്ധിജിയെക്കുറിച്ചും സ്വാതന്ത്ര്യസമരചരിത്രത്തെക്കുറിച്ചുമുള്ള വീഡിയോ പ്രദര്‍ശനം.
ചോറോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായ മുസ്തഫ ഗാന്ധിജിയെ നെഞ്ചോടു ചേര്‍ക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ആശയമായിരുന്നു ഇത്.
കോഴിക്കോട് ഗാന്ധിഗ്രാമത്തിന്റെ സഹായത്തോടെയാണ് വിവാഹപ്പന്തലില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചത്.
120 ഓളം പുസ്തകങ്ങളാണ് പ്രദര്‍ശനത്തിലുണ്ടായത്. മഹാത്മാവിന്റെ ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങള്‍ ഒപ്പിയെടുത്ത ചിത്രങ്ങളാണ് പന്തലില്‍ നിറഞ്ഞത്. എല്‍.ഇ.ഡി. സ്‌ക്രീന്‍ ഒരുക്കിയായിരുന്നു വീഡിയോ പ്രദര്‍ശനം.
വിദേശത്ത് ജോലി ചെയ്യുന്ന മകന്‍ മുഹമ്മദ് മുഷ്താഖ് കെ.എസ്.യു. വിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. എടച്ചേരി മീത്തലേ കൊയമ്പറ്റ പോക്കറിന്റെ മകള്‍ ഇര്‍ഫാനയാണ് വധു.
#celebration #fanfare #separate #wedding #venue #Vadakara #Gandhi #memory