വടകര: (vatakara.truevisionnews.com) നരേന്ദ്രമോദിയുടെ ഭരണകൂടം കലാസാഹിത്യ മേഖലകളിലും വിദ്യാഭ്യാസ രംഗത്തും കാവിവൽക്കരണം അതിവേഗം നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവർത്തനം ഇന്ത്യയിൽ അസാധ്യമായി കൊണ്ടിരിക്കുകയാണ്.


ചില സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾപ്പോലും നമ്മെ ഞെട്ടിപ്പിക്കുന്നതും ഭീതിജനകവുമാണ്. വർഗീയതയുടെ മറവിൽ ദുഷ്ടശക്തികൾ രാജ്യത്ത് നടത്തിയ കിരാതവും മൃഗീയവും മനുഷ്യത്വ രഹിതവുമായ വംശഹത്യയെ പറ്റി ഓർമ്മിപ്പിക്കുന്നതൊന്നും പാടില്ല എന്ന് തിട്ടൂരം പുറപ്പെടുവിക്കുന്നവരാണ് നമ്മുടെ രാജ്യത്തെ ഭരണാധികാരികൾ എന്നും മുല്ലപ്പള്ളി ആരോപിച്ചു.
അതിന്റെ ഏറ്റവും വലിയ തെളിവാണ് അടുത്ത് റിലീസായ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ചില ഭാഗങ്ങൾ ഒഴിവാക്കണമെന്ന സെൻസർ ബോർഡിന്റെ നിർദ്ദേശമെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പി.രാഘവന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനവും സഹകാരി മിത്ര അവാർഡ് സമർപണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. എൻ.സുബ്രഹ്മണ്യൻ അവാർഡ് ഏറ്റുവാങ്ങി.
പി.രാഘവൻ എന്നും നിലപാടുകളിൽ ഉറച്ച നിന്ന ആശയ ദൃഢതയുള്ള നേതാവായിരുന്നുവെന്നു മുല്ലപ്പള്ളി പറഞ്ഞു. പി രാഘവന്റെ നാമധേയത്തിലുള്ള സഹകാരി മിത്ര അവാർഡിന് എന്തുകൊണ്ടും അർഹതയുള്ള വ്യക്തിയാണ് സുബ്രഹ്മണ്യൻ.നഷ്ടത്തിൽ കൂപ്പുകുത്തിയ ഒരു സഹകരണ സ്ഥാപനത്തെ ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ സഹകരണ ബാങ്കായി മാറ്റുന്നതിന്റെ പിന്നിൽ സുബ്രഹ്‌മണ്യന്റെ നിതാന്തമായ പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
ചടങ്ങിൽ അനുസ്മരണ സമിതി ചെയർമാൻ അഡ്വ. ഐ മൂസ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തി. അവാർഡ് ജേതാവ് എൻ.സുബ്രഹ്‌മണ്യൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ ശശിധരൻ കരിമ്പനപാലം, ബാബു ഒഞ്ചിയം, കളത്തിൽ പീതാബരൻ, പി അശോകൻ, രവീഷ് വളയം, പി.ബാബുരാജ്, ഇ.കെ.ശീതൾ രാജ്, സനൂജ് കുറുവട്ടൂർ, പി.കെ.ദാമു, മോഹനൻ പാറക്കടവ്, പി.പി.രാജൻ, രമേശ് നൊച്ചാട്, തേരത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.
#PRaghavan #strong #minded #leader #stood #firm #positions #Mullappallyramachandran