വടകര: (vatakara.truevisionnews.com) വടകരയിൽ ലിഫ്റ്റിൽ കുടുങ്ങിയ അഞ്ച് പേരെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ടൗൺഹാളിന് സമീപത്തെ ഓറഞ്ച് സൂപ്പർമാർക്കറ്റിലെ ലിഫ്റ്റിലാണ് സുഹൃത്തുക്കളായ ജയേഷ് വി.എം നാരായണ നഗർ, വിനോദ് അറക്കിലാട്, സിബി പഴങ്കാവ്, മുരളീധരൻ പതിയാരക്കര, ജഗന്നാഥൻ ഇരിങ്ങൽ എന്നിവരാണ് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ കുടുങ്ങിയത്.


ലിഫ്റ്റിൽ അകപ്പെട്ട ഇവർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടത് സ്ഥിതി സങ്കീർണമാക്കി. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരൻ ലിഫ്റ്റ് കീ ഉപയോഗിച്ച് ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു.
ലിഫ്റ്റിൽ കുടുങ്ങിയവരിൽ മുരളീധരൻ വടകര ഫയർ സ്റ്റേഷനിലേക്ക് വിളിച്ചതിനു പിന്നാലെ അഗ്‌നിരക്ഷാസേന കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തി ലിഫ്റ്റ് കീ ഉപയോഗിച്ച് ഡോർ മുഴുവനും തുറന്നു രക്ഷാപ്രവർത്തനം സാധ്യമാകാത്തതിനാൽ ഹൈഡ്രോളിക് സ്‌പ്രഡർ ഉപയോഗിച്ച് ഡോർ വിടർത്തി ഓരോ ആളുകളെയായി സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.
അഞ്ച് പേർ ഒന്നിച്ച് ലിഫ്റ്റിൽ അകപ്പെട്ടതിനാൽ അല്പസമയം കൊണ്ട് തന്നെ ശ്വാസംമുട്ടൽ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. കൃത്യസമയത്ത് രക്ഷാപ്രവർത്തനം നടന്നതിനാൽ അപകട നിലയിലേക്ക് കാര്യങ്ങൾ എത്തിയില്ല.
വടകര അഗ്‌നിരക്ഷാ നിലയത്തിൽ നിന്നു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി.കെ ഷൈജേഷിന്റെ നേതൃത്വത്തിൽ റാഷിദ് എം.ടി, മനോജ് കിഴക്കേക്കര, ഷിജേഷ് ടി, സിബിഷാൽ പി.ടി, സഹീർ പി.എം, സാരംഗ് എസ്.ആർ, സന്തോഷ് കെ എന്നിവർ ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.
#Five #people #stuck #lift #Vadakara#suffocation#finally #rescued#firebrigade