ഓർക്കാട്ടേരി: (vatakaranews.in) ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഓർക്കാട്ടേരി ചന്ത മൈതാനിയിൽ 2025 ഏപ്രിൽ 21 മുതൽ 27 വരെ അഖിലേന്ത്യ പുരുഷ- വനിത വോളിബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നു.


2023ല്‍ നടന്ന അഖിലകേരള വോളിബോൾ ടൂർണ്ണമെൻ്റിൻ്റെ തുടർച്ചയെന്നോണമാണ് ഈ വോളിബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നത്. എല്ലാ വിഭാഗമാളുകളുടെയും ജനപങ്കാളിത്തം കൊണ്ടും മികച്ച സംഘാടനത്താലും ഓർക്കാട്ടേരി വോളി മേള ഇതിനകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
ഓർക്കാട്ടേരിയിൽ ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കാൻ പോകുന്ന ആരോഗ്യ കേന്ദ്രത്തിന്റെ ധനശേഖരണാർത്ഥമാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. വടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നാലു പഞ്ചായത്ത് കളിലെ ഡയാലിസിസ് രോഗികൾക്ക് സാന്ത്വനമേകുന്ന ഡയാലിസിസ് കേന്ദ്രം ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ലക്ഷ്യമിടുന്നത്. കൂടാതെ പുതു തലമുറയിൽ വോളിബോളിന്റെ വികാസത്തിനും വളർച്ചക്കും ട്രസ്റ്റ് വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
ചന്ത മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ കസ്തൂരി കാട്ടിൽ കുഞ്ഞമ്മദ് ഹാജി ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. ടൂർണമെന്റിന്റെ ഉദ്ഘാടനം ഏപ്രിൽ 21ന് വൈകുന്നേരം 7 മണിക്ക് സംസ്ഥാന കായിക മന്ത്രി വി അബ്ദു റഹ്മാൻ നിർവഹിക്കും. ഏഴു ദിവസം നീണ്ടുനിൽക്കുന്ന മത്സരത്തിൽ ദേശീയ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന കളിക്കാർ ഉൾപ്പെടെ 6 പുരുഷ ടീമുകളും ആറു വനിതാ ടീമുകളും മാറ്റുരക്കുന്നു. ലീഗ് അടിസ്ഥാനത്തിലാണ് മത്സരം.
ഇൻകം ടാക്സ് ചെന്നൈയും അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരിയുടെ വനിതാ ടീമുകൾ തമ്മിൽ നടക്കുന്ന മത്സരത്തോടുകൂടി ടൂർണമെന്റിന് ആരംഭം കുറിക്കും. തുടർന്ന് പുരുഷ ടീമുകളുടെ മത്സരവും നടക്കും. പുരുഷ വിഭാഗത്തിൽ ഇന്ത്യൻ റെയിൽവേ, ഇന്ത്യൻ നേവി,കേരള പോലീസ്, ബിപി സിഎൽ, ഇന്ത്യൻ എയർഫോഴ്സ്, കെ എസ് ഇ ബി, ഇന്ത്യൻ കസ്റ്റംസ്, എന്നീ ടീമുകളും വനിതാ വിഭാഗത്തിൽ കെഎസ് ബി, കേരള പോലീസ്, മഹാരാഷ്ട്രാ ബേങ്ക് എന്നീ ടീമുകളും മാറ്റുരക്കും.
ടൂർണമെന്റിന്റെ മുന്നോടിയായി ശനിയാഴ്ച രാവിലെ 7ന് മിനി മാരത്തോൺ സംഘടിപ്പിച്ചു. നാദാപുരം റോഡിൽ നിന്ന് ആരംഭിച്ച് ഓർക്കാട്ടേരി ചന്ത മൈതാനിയിൽ അവസാനിച്ച മിനി മാരത്തോൺ ഇന്ത്യൻ നേവി മുൻതാരവും ഐപിഎം വോളി ചീഫ് കോച്ചുമായ വി എം ഷീജിത് ഫ്ലാഗ് ഓഫ് ചെയ്തു. ടി പി ബിനീഷ് അധ്യക്ഷനായി. കെ എം സത്യൻ,പി രാജൻ,ഇ പി രാജേഷ് എന്നിവർ സംസാരിച്ചു.
തുടർന്നു വോളി ബോൾ എക്സിബിഷൻ ചന്ത മൈതാനിയിൽ ചരിത്രകാരൻ പി ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ടി പി ബിനീഷ് അധ്യക്ഷനായി. ഞ്ഞേറലാട്ട് രവീന്ദ്രൻ, ശിവദാസ് കുനിയിൽ തുടങ്ങിയവർ സംസാരിച്ചു. സജീവൻ ചോറോട് സ്വാഗതം പറഞ്ഞു.
മാരത്തോൺ വിജയികൾക്ക് ക്യാഷ് അവാർഡ് എടച്ചേരി സിഐ ടി കെ ഷീജു വിതരണം ചെയ്തു. ഒന്നാം സ്ഥാനത്തിന് 5000 രൂപ, രണ്ടാം സ്ഥാനത്തിന് 3000 രൂപ,മൂന്നാം സ്ഥാനത്തിന് 2000 രൂപ എന്നിങ്ങനെയാണ് സമ്മാനം.
ടൂർണമെന്റിന്റെ ഭാഗമായി ഇന്ത്യൻ വോളിയുടെ ചരിത്രമുഹൂർത്തങ്ങളും കടത്തനാടൻ വോളിയുടെ നാൾ വഴികളും അനാവരണം ചെയ്യുന്ന വോളി എക്സിബിഷൻ ടൂർണമെന്റിന്റെ പ്രത്യേക ആകർഷണമാണ്. ആദ്യമായാണ് ഇത്തരത്തിൽ വോളി ചരിത്ര പ്രദർശനം സംഘടിപ്പിക്കുന്നത്. സീസൺ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. സീസൺ ടിക്കറ്റ് വില 700 രൂപയും ഡെയിലി ടിക്കറ്റ് വില 150 രൂപയുമാണ്.സീസൺ ചെയർ ടിക്കറ്റ് 1000 രൂപയുമാണ്.
#AllIndiaVolleyball #Tournament #organized #OpparamCharitableTrust #21st #27th