വടകര: ചോറോട് പഞ്ചായത്തിലെ കോൺഗ്രസ് ഓഫീസിനു നേരെയും പാർട്ടി സ്തൂപങ്ങൾക്ക് നേരെയും ആക്രമണം. വൈക്കലിശ്ശേരിയിലെ പ്രിയദർശനി ഭവന്റെ ഗ്ലാസുകൾ അടിച്ചു തകർത്തു.വാതിൽ തകർത്ത് ഉള്ളിൽ കയറാനായി ശ്രമവും നടത്തിയിട്ടുണ്ട്.ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും മറ്റു കോൺഗ്രസ് നേതാക്കളും സ്ഥലം സന്ദർശിച്ചു.


മുഖ്യമന്ത്രിക്കെതിരേയുള്ള അഴിമതിയുടെ വെളിപ്പെടുത്തലും പ്രതിഷേധവും വഴി തിരിച്ച് നാട്ടിൽ ഗുണ്ടകളെ അഴിച്ച് വിട്ട് ക്രമസമാധനം തകർക്കാനുള്ള സി.പി.എം ന്റെ നാടകമാണ് എ.കെ.ജി സെന്ററിന് നേരേയുണ്ടായ ബോംബാക്രമണമെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അതിന്റെ മറവിൽ കേരളത്തിൽ പോലീസിനെ നോക്കുകുത്തിയാക്കി വ്യാപകമായി കോൺഗ്രസ്സ് ഓഫീസുകളും സ്തൂപങ്ങളും കൊടിമരങ്ങളും സി.പി.എം. നശിപ്പിക്കുകയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി .
മഠത്തിൽ മുക്ക്, ചെറുവത്ത് മുക്ക് , മലോൽ മുക്ക് എന്നിവിടങ്ങളിലെ സ്തൂപങ്ങളും കൊടിമരങ്ങളും ആണ് നശിപ്പിച്ചത്. രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിന്റെ പ്രാധാന്യം കുറക്കാനുള്ള ഗൂഡാലോചനയും ഇതിന് പിന്നിലുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.അക്രമങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിൽ മിക്ക ഇടങ്ങളിലും പോലീസ് ജാഗ്രത പുലർത്തുന്നുണ്ട്.
Attack on Congress office, party stupas in Vadakara