വടകര: ഇനി വടകരയുടെ സന്ധ്യകളും രാത്രികളുമെല്ലാം ആനന്ദ ലഹരിയിൽ. ഒരു മാസം നീണ്ടുനിൽക്കുന്ന വടകര മഹോത്സവം ആരംഭിച്ചു. ഇനി വൈകിട്ട് എന്താണ് പരിപാടി എന്ന് ചോദിച്ചാൽ വടകര മഹോത്സവത്തിന് പോകണം എന്നുള്ളതാണ് ഓരോ വടകരക്കാരന്റെയും മറുപടി.


ഓണം മെഗാ എക്സിബിഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വടകര മഹോത്സവ ഉദ്ഘാടനം മുനിസിപ്പൽ സെക്രട്ടറി എൻ. കെ .ഹരീഷ് നിർവ്വഹിച്ചു.ഓണക്കാലത്ത് ജനങ്ങൾ ഒഴുകിയെത്തുന്ന ആഘോഷ സാഹചര്യം വടകര മഹോത്സവം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.2022 സെപ്തംബർ മൂന്നു മുതൽ ഒക്ടോബർ മൂന്ന് വരെ ദേശീയപാതയിൽ ബസ്സ്റ്റാന്റിന് എതിർ വശമാണ് വടകര മഹോത്സവ ഓണം മെഗാ എക്സിബിഷൻ നടക്കുന്നത്.
വൈകുന്നേരം മൂന്ന് മണി മുതൽ രാത്രി 9 മണി വരെയാണ് പ്രവേശനം. എക്സിബിഷന്റെ ഭാഗമായി ലണ്ടൻ ബ്രിഡ്ജിൽ കയറി യൂറോപ്യൻ സ്ട്രീറ്റിലേക്ക് പോകാം എന്ന ആകർഷകമായ പരിപാടി ഉൾപ്പെടെ ഭക്ഷ്യ മേള, കാർഷിക പ്രദർശന വിപണനം, ഓട്ടോ എക്സ്പോ, കൺസ്യൂമർ സ്റ്റാളുകൾ, അമ്യൂസ്മെന്റ് പാർക്ക്, കലാ പരിപാടികൾ, ഗെയിംസ്, ഫർണ്ണിച്ചർ മേള എന്നിവയും ആസ്വദിക്കാം.
ന്യൂസ് ഇൻ കേരളം ഏകെ ഇവന്റ്‌സുമായി സഹകരിച്ച് കൊണ്ട് ചാരിറ്റി പ്രവർത്തനങ്ങൾക്കായാണ് മഹോത്സവം സംഘടിപ്പിക്കുന്നത്. ഉദ്ഘാടനത്തിൽ എക്സിബിഷൻ കോർഡിനേറ്റർ പി.എം മഹേഷ്, തിരുവള്ളൂർ മുരളി, അഫ്സൽ തെരുവത്ത്, കെ.പി.ശശി, നിധീഷ് കുമാർ എ.ടി എന്നിവർ പങ്കെടുത്തു.
Vadakara is all set to be a mahotsava evening