ചോറോട്: ചോർച്ചയെ തുടർന്ന് അഴിയൂർ ബ്രാഞ്ച് കനാൽ അടച്ചു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ അഴിയൂർ ബ്രാഞ്ച് കനാലിൽ കുരിക്കിലാട് ഭാഗത്താണ് ചോർച്ച അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് കനാൽ അടച്ചു. മാച്ചാരി മീത്തൽഭാഗത്ത് കഴിഞ്ഞദിവസം വൈകുന്നേരത്തോടെ വൻ ശബ്ദത്തോടെ കുഴി രൂപപ്പെടുകയും വെള്ളം സമീപത്തെ പറമ്പുകളിലേക്ക് ഒഴുകുകയുമായിരുന്നു.


രാവിലെയാണ് ഈ ഭാഗത്ത് കനാലിൽ വെള്ളമെത്തിയത്. ഉയരത്തിലുള്ള കനാലിന്റെ ഉൾഭാഗം പൂർണമായും കോൺക്രീറ്റ് ചെയ്തതായിരുന്നു. ഇടവഴിയിലൂടെ ശക്തമായി വെള്ളമൊഴുകി. മാച്ചാരി മനോജന്റെ വീടിന് പിൻഭാഗത്തെ പറമ്പിലെ കിണർ പൂർണമായും മണ്ണുംവെള്ളവും നിറഞ്ഞിരിക്കുകയാണ്. രാത്രിയായിരുന്നുവെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു.
വിവരമറിയിച്ച ഉടൻ ഷട്ടർ അടച്ചു. എ.എക്സ്.ഇ.അരവിന്ദാക്ഷൻ, എ.ഇ. അശ്വതി, ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ, ശ്യാമള പൂവേരി, പി. ലിസി, പ്രസാദ് വിലങ്ങിൽ, കെ.എം. വാസു തുടങ്ങിയവർ സ്ഥലത്തെത്തി. ഉടൻ ഷട്ടർ അടച്ചു. അറ്റകുറ്റപ്പണികൾ നടത്തി കനാൽ പൂർവസ്ഥിതിയിലാക്കി വെള്ളം തുറന്നുവിടുമെന്ന് അധികൃതർ ഉറപ്പുനൽകി.
Azhiyoor branch canal closed