ഒഞ്ചിയം: നാടെങ്ങും ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യുവജന കൂട്ടായ്മകൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ വിപുലമായാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത്.


സ്വാതന്ത്ര്യ ദിനത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഒഞ്ചിയത്തെ പ്രസിദ്ധമായ നുസ്രത്തുൽ ഇസ്ലാം മദ്രസയും. അതിരാവിലെ തന്നെ മദ്രസ മുറ്റത്ത് ഇന്ത്യയുടെ ത്രിവർണ്ണ പതാക മദ്രസ മാനേജ്മെൻറ് ജനറൽ സെക്രട്ടറി പി പി കെ അബ്ദുല്ല മദ്രസയിലെ മുഴുവൻ വിദ്യാർഥികളുടെയും, അധ്യാപകരുടെയും സാന്നിധ്യത്തിൽ സ്വാതന്ത്ര്യസമര സേനാനികളെ സ്മരിച്ചുകൊണ്ട് വാനിലുയർത്തി.
സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ചും, സ്വാതന്ത്ര്യസമര സേനാനികൾ അന്നനുഭവിച്ച ത്യാഗപൂർണ്ണമായ ജീവിതത്തെക്കുറിച്ചും സുഫൈൽ റഹ്മാനി സംസാരിച്ചു.
നമ്മൾ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം നിരവധി സ്വാതന്ത്ര്യസമര സേനാനികളുടെ രക്തസാക്ഷിത്വത്തിന്റെ ഭാഗമായി നമുക്ക് ലഭിച്ച ഒരു വരദാനമാണ്. അതുകൊണ്ടാണ് ത്രിവർണ്ണ പതാക ആകാശത്തേക്ക് ഉയർന്ന് വിടരുന്ന സമയത്ത് ആദരസൂചകമായി റോസാപ്പൂക്കൾ അർപ്പിക്കുന്നത്.
പി പി കെ അബ്ദുല്ല, കെ പി അബ്ദുല്ല ഹാജി (ഖജാൻജി), ഇ.ടി മുഹമ്മദ് മൗലവി, അലവി ഉസ്താദ്, അഹമ്മദ് മൗലവി സംസാരിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മധുര പലഹാരങ്ങളും വിതരണം നടത്തി.
തുടർന്ന് നടന്ന പ്രതിജ്ഞയിൽ മദ്രസ മുഅല്ലിമുകൾ, മദ്രസ കമ്മിറ്റി പ്രതിനിധികൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. മദ്രസ സദർ മുഅല്ലിം നവാസ് ദാരിമി സ്വാഗതവും, മദ്രസ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ടി. ഹിഷാം നന്ദിയും പറഞ്ഞു.
#Independenceday #celebration #onchiyam