വടകര: ( vadakaranews.in ) ജനാധിപത്യ കലാസാഹിത്യ വേദിയുടെ അധ്യാപക പ്രതിഭ പുരസ്കാരം തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും ഹയർസെക്കൻഡറി ഇംഗ്ലീഷ് അധ്യാപകനായി വിരമിച്ച വടയക്കണ്ടി നാരായണന് സമ്മാനിച്ചു. അധ്യാപനത്തോടൊപ്പം മറ്റ് മേഖലകളിലും കഴിവ് തെളിയിച്ചവർക്കാണ് പുരസ്കാരം നൽകിയത്.


ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ കൽപ്പറ്റ നാരായണൻ പുരസ്കാരം വിതരണം ചെയ്തു. ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ പ്രകാശ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പനച്ചുമട് ഷാജഹാൻ, സുരേന്ദ്രൻ വെട്ടത്തൂർ, കരിച്ചാറ നാദിർഷ, ബിന്ദു പോൾ, സഹദേവൻ കോട്ടവിള, പി കെ സത്യപാലൻ, പ്രജോഷ് കുമാർ, സുൽഫിക്ക് വാഴക്കാട്, സി എൽ ഹമീദ്, എം എ മുംതാസ് തുടങ്ങിയവർ സംസാരിച്ചു.
കവിയും ഗ്രന്ഥകർത്താവുമായ നാരായണന് മികച്ച പരിസ്ഥിതി പ്രവർത്തനത്തിന് കേരള സർക്കാരിൻറെ 2018ലെ വനമിത്ര പുരസ്കാരവും 2019ലെ ദേശീയ അധ്യാപക ഇന്നവേഷൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ സേവ് (സ്റ്റുഡൻറ് ആർമി ഫോർ വിവിഡ് എൻവയോൺമെൻറ്) ന്റെ ജില്ലാ കോർഡിനേറ്റർ ആയിരുന്നു.
സംസ്ഥാന കലോത്സവങ്ങളിൽ മലയാളം വാക്കുകൾ മാത്രം ഉപയോഗിച്ച് അനൗൺസ്മെൻറ് നടത്തി ശ്രദ്ധ നേടിയിരുന്നു. കേരള ജൈവ കർഷകസമിതിയുടെ ജില്ലാ വൈസ് പ്രസിഡണ്ട് ആയിരുന്നു.
ഇപ്പോൾ മില്ലറ്റ് മിഷൻ, സംസ്കാര വേദി, നാച്ചുറോപൊതി ആൻഡ് യോഗ ഫെഡറേഷൻ എന്നിവയുടെ ജില്ലാ പ്രസിഡണ്ട് ആണ്. നാരായണനോടൊപ്പം കെ നീലകണ്ഠൻ, ഡോ. ഇ പി ജ്യോതി, കെ പി മനോജ് കുമാർ എന്നിവർക്കും അധ്യാപക പ്രതിഭാ പുരസ്കാരം നൽകിയിരുന്നു.
#talent #teacher #award