വടകര: കെ എസ് ഇ ബി അഴിയൂർ സെക്ഷനിൽ സ്വന്തമായി ഫീഡറില്ലാത്തതിനെ തുടർന്ന് വൈദ്യുത മുടക്കം പതിവാകുന്നതായി പരാതി . സ്വന്തമായി ഫീഡർ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ഇതിനുള്ള നടപടി ക്രമങ്ങൾ ഇഴഞ്ഞു നീങ്ങുകയാണ്.


ഓർക്കാട്ടേരിയിൽ 220 കെ വി സബ്‌സ്റ്റേഷൻ വന്നതോടെ അഴിയൂർ സെക്ഷനിലും ഫീഡറിനുള്ള നടപടി ക്രമങ്ങൾ തുടങ്ങിയിരുന്നു. പിന്നീട് കാര്യങ്ങൾ ഫയലിൽ മാത്രമായി. അഴിയൂരിന് ലഭിക്കേണ്ട ഫീഡർ ചില കളികളിലൂടെ മുട്ടുങ്ങൽ സെക്ഷനിലേക്ക് മാറ്റിയതായി പരാതിയുണ്ട്.
മഴയൊന്ന് ചാറിയാൽ വൈദ്യുതി നിലക്കും. കഴിഞ്ഞ ദിവസങ്ങളിൽ മഴ ചാറിയ സമയത്തൊക്കെ വൈദ്യുതി മുടക്കം പതിവായിരിക്കുകയാണ്. എല്ലാ പരാതികളും പരിഹരിക്കുമെന്ന കെ എസ് ഇ ബി യുടെ ഉറപ്പ് പ്രാവർത്തികമാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വൈദ്യുതിയുടെ ഒളിച്ച് കളി ഗാർഹിക ഉപഭോക്താക്കളെയും ചെറുകിട വ്യവസായത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. അഴിയൂരിൽ ഫീഡറടക്കം സ്ഥാപിച്ച് വൈദ്യുതി വിതരണം കാര്യക്ഷമമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ.
താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, അഴിയൂർ മണ്ഡലം കോണ്ഗ്രസ് പ്രസിഡണ്ട് പി ബാബുരാജ് മുസ്ലിംലീഗ് ജില്ലാ കൗൺസിൽ അംഗം ഹാരിസ് മുക്കാളി ആർഎംപി ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം സി സുഗതൻ എന്നിവർ ആവശ്യപ്പെട്ടു
#KSEB #Azhiyur #section #own #feeder #Complaints #frequent #power #outages