ഒഞ്ചിയം: (vatakaranews.in) നാടിന്റെ നന്മ വിളിച്ചുപറയുന്ന നാട്ടുവഴികൾ നാടുനീങ്ങുമ്പോൾ ഒരു ജനതയുടെ പൈതൃകം അസ്തമിക്കുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് വരെ നിരവധി നാട്ടുവഴികളും കൈവഴികളും ഉണ്ടായിരുന്ന ഒഞ്ചിയം ഗ്രാമപ്രദേശം ഇന്ന് കുറ്റിക്കാടുകളും, പുൽച്ചെടികളാലും നാട്ടുവഴി മറഞ്ഞു പോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.


കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെട്ട കനാൽ വന്നതിനുശേഷമാണ് ധാരാളമായി കൈവഴികൾ ഒഞ്ചിയത്ത് വന്നുചേർന്നത്. ഒരുകാലത്ത് ഒഞ്ചിയത്തിന്റെ നാഡീ ഞരമ്പുകളായിരുന്നു ഇത്തരത്തിലുള്ള വഴികൾ. എന്നാൽ ഈ വഴികൾക്ക് സമാന്തരമായി ഉറച്ച റോഡുകളും പാലങ്ങളും വന്നതിനാൽ ആളനക്കമില്ലാതെയായി വഴികൾ.
യുവ തലമുറകൾക്കിടയിൽ വാഹനപെരുപ്പവും ഇതിന് പ്രധാന കാരണമായി. പതിറ്റാണ്ടുകളായി മുൻ തലമുറകൾ കാത്തുസൂക്ഷിച്ച ഒരു നാടിന്റെ നന്മ കൂടിയാണ് ഇതിലൂടെ അസ്തമിക്കുന്നത്. നാട്ടുപാതയിലൂടെ സഞ്ചരിക്കുമ്പോൾ നിരവധി നാട്ടറിവുകളും സ്വമേധയാ മനുഷ്യനെ തേടിയെത്തുന്നു.
മനുഷ്യനും മറ്റു പ്രകൃതി ജീവജാലകങ്ങളും തൊട്ടുരുമ്മി ജീവിച്ച പഴയകാല ഓർമ്മകൾ അയവിറക്കുകയാണ് ഒഞ്ചിയത്തെ പഴയ തലമുറക്കാർ. നാട്ടുവഴികൾ സംരക്ഷിക്കണമെന്ന ആവശ്യവും ഇവർ പങ്കുവെക്കുന്നു.
#roads #nation's #heritage #sinks #land #moves