ഒഞ്ചിയം: (vatakaranews.in) ജനവാസ മേഖലയിൽ ശ്മശാനം നിർമിക്കാൻ അനുമതി നൽകിയ ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഏകപക്ഷീയ നടപടിയിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ ഒഞ്ചിയം പഞ്ചായത്ത് ഓഫീസിലേക്കും ഒഞ്ചിയം വില്ലേജ് ഓഫീസിലേക്കും മാർച്ചും ധർണയും നടത്തി.


സ്ത്രീകള്‍ ഉള്‍പ്പെടെ പ്രദേശവാസികളായ ഇരുനൂറിൽപ്പരം പേർ മാർച്ചിൽ പങ്കെടുത്തു. ഒഞ്ചിയം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ ആക്ഷൻ കമ്മിറ്റി ചെയർമാൻ വി പി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയ പഠനം നടത്താതെയും ആക്ഷൻ കമ്മിറ്റിയുടെ പരാതി പരിഗണിക്കാതെയുമാണ് ഒഞ്ചിയം ഗ്രാമ പഞ്ചായത്തും ജില്ലാ മെഡിക്കൽ ഓഫീസറും ശ്മശാന നിർമാണത്തിന് അനുമതി നൽകിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിരവധി വീടുകളും വിദ്യാലയവുമുൾപ്പെടെ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ശ്മശാനം നിർമിക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ജനങ്ങൾ ആശങ്കപ്പെടുന്നത്. നീരൊഴുക്കുള്ള ഈ പ്രദേശത്തിനു ചുറ്റുമായി നിരവധി കിണറുകളാണുള്ളത്. ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നതാണ് പഞ്ചായത്തിന്റെ തീരുമാനമെന്നും അത് തിരുത്തിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ ഒഞ്ചിയം ജുമാമസ്ജിദിനോട് ചേർന്ന് ചാമക്കുന്ന് കണ്ണോത്ത് പറമ്പിൽ അനധികൃതമായ നിലയിൽ ശ്മശാനം നിർമിക്കുന്നതിനെതിരെ ആക്ഷൻ കമ്മിറ്റി പഞ്ചായത്ത് - റവന്യൂ അധികൃതർക്ക് ഒട്ടേറെ നിവേദനങ്ങൾ നൽകിയിരുന്നു. ശ്മശാന നിർമാണത്തിന് നിയമപരമായി പാലിക്കേണ്ട നിബന്ധനകൾ ലംഘിച്ചുകൊണ്ടാണ് നിർമാണ നീക്കം നടത്തുന്നതെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്.
ആക്ഷൻ കമ്മറ്റി ഭാരവാഹികളുമായി സംസാരിച്ച്, പ്രദേശവാസികളുടെ ആശങ്കകൾ അകറ്റിക്കൊണ്ട് മാത്രമേ ശ്മശാനത്തിന് അനുമതി നൽകാവൂ എന്ന് പഞ്ചായത്ത് ഭരണ സമിതിയിലെ എട്ടോളം വരുന്ന എൽ ഡി എഫ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭരണസമിതിയിൽ അംഗങ്ങളായ എട്ട് യു ഡി എഫ് - ആർ എം പി അംഗങ്ങൾ പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ടോടുകൂടി അപേക്ഷയ്ക്ക് അനുമതി നൽകുകയായിരുന്നു.
പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ പരിശോധനയോ, അംഗീകാരമോ ശ്മശാന നിർമാണത്തിന് ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ ഭരണ സമിതിയിലും ഈ വിഷയം അജണ്ടയായി വന്നപ്പോൾ പാരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുത്ത് അന്നത്തെ പ്രസിഡന്റ് അത് തള്ളിക്കളയുകയായിരുന്നു.
ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ശ്രീനി പി, കൃഷ്ണൻ വടക്കയിൽ എന്നിവർ ധർണയെ അഭിസംബോധന ചെയ്തു സംസാരിച്ചു. മാർച്ചിന് പവിത്രൻ ടി എം, പ്രജീഷ്, വിജീഷ് ചേതന, പ്രശാന്ത്കുമാർ എം എം, വിനോദൻ കെ പി തുടങ്ങിയവർ നേതൃത്വം നൽകി.
#Construction #cemeteries #residential #areas #action #committee #marched #Onchiam #panchayat #villageoffices