വടകര: (vatakaranews.in) ഉള്ളു പൊള്ളിച്ച പൊലീസുകാരന്റെ ആ വാക്കുകൾ അവൾ മറന്നില്ല. നിറപുഞ്ചിരിയും മധുരവുമായി നവനിയെത്തി പൊലീസ് സ്റ്റേഷനിലേക്ക്. പിന്നെ ആഹ്ലാദവും ആഘോഷവും. ചില വാക്കുകൾ അങ്ങനെയാണ് ....
കുട്ടികളിൽ ഓരോ വാക്കുകളും എത്രത്തോളം സ്വാധീനിക്കാൻ കഴിയും എന്നതിന്റെ തെളിവാണ് മടപ്പള്ളി ഗവ..വി. എച്ച് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കൂടിയായ നവനിമോളുടെ ഇന്നത്തെ ജന്മദിനാഘോഷം.
മൂന്നാലു ദിവസം മുമ്പ് പിറന്നാളിന്റെ ഡ്രസെടുക്കാൻ പോവണ്ടേ? എന്നു മാതാപിതാക്കൾ ചോദിച്ചപ്പോൾ അവളുടെ മറുപടി കേട്ട് അവർ അമ്പരന്നു. എനിക്ക് പോലീസ് സ്റ്റേഷനിൽ മിഠായി കൊടുക്കാൻ പോവണം എന്നായിരുന്നു മറുപടി.
പിന്നെ അതിന്റെ വിശദവിവരങ്ങൾ അവൾ തന്നെ പറഞ്ഞു. പൊലീസ് സൈബർ സെല്ലിലെ ഉദ്യോഗസ്ഥനായ രംഗീഷ് കടവത്ത് സ്റ്റ്യുഡന്റ് പൊലീസ് ക്യാമ്പിലെ മോട്ടിവേഷൻ ക്ലാസിൽ നടത്തിയ ഒരു പരാമർശം അവളെ സ്വാധീനിച്ചു.
ഞങ്ങൾ പോലീസുകാർ സ്റ്റേഷനിൽ എത്തുമ്പോൾ അവിടെ എത്തിച്ചേരുന്നവരുടെ മുഖം കരച്ചിലിന്റെയോ ദേഷ്യത്തിന്റേയോ മാത്രമായിരിക്കും.
ഒരിക്കലും ചിരിച്ചുകൊണ്ട് നല്ല ആഘോഷങ്ങളോ നല്ല കാര്യം കൊണ്ടോ സന്തോഷമുള്ള മുഖങ്ങളൊന്നും അവിടെ കാണാറില്ലെന്ന് .... ഇതാണ് അവളുടെ മനസിൽ ആഴത്തിൽ പതിച്ചത്. അവളുടെ ജീവിതത്തിലെ നല്ലൊരു ദിനം അവർക്കൊപ്പം പങ്കിടാനാണ് അവളാഗ്രഹിച്ചത്.
ആ ആഗ്രഹങ്ങൾക്കൊപ്പം നില്ക്കാൻ തങ്ങൾക്ക് ആദ്യം ഒരു മടിയായിരുന്നെങ്കിലും ഇന്ന് ഞങ്ങൾ അവളുടെ സന്തോഷത്തിൽ പങ്ക് ചേർന്നതായും അതോടൊപ്പം വേറിട്ട അനുഭവം സമ്മാനിച്ച വടകര പൊലീസ് സ്റ്റേഷനിലെ മുഴുവൻ പേർക്കും ഹൃദയപൂർവ്വം നന്ദി പറയുന്നതായി രക്ഷിതാക്കൾ അറിയിച്ചു.
#Heartbreaking #words #Navani #reached #policestation #smiling #sweet