കടമേരി: (vatakaranews.in) വർഷങ്ങൾക്കു മുമ്പ് പടിയിറങ്ങിയ വിദ്യാലയ മുറ്റത്തേക്ക് ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളുമായി മൂന്നാം വാർഡിലെ കുടുംബശ്രീ അംഗങ്ങൾ വീണ്ടും ഒത്തുകൂടി.
വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'തിരികെ സ്കൂളിൽ' എന്ന സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായാണ് മൂന്നാം വാർഡിലെ വനിതകൾ കടമേരി ആർ.എ.സി. ഹൈസ്കൂളിൽ വീണ്ടും 'വിദ്യാർഥികളായി' എത്തിയത്.
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ കാല സാധ്യതകൾക്കനുസൃതമായി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ അയൽക്കൂട്ടങ്ങളെ പ്രാപ്തമാക്കുന്നതിനും കൂടാതെ അയൽക്കൂട്ടങ്ങളിലെ സൂക്ഷ്മ സാമ്പത്തിക ഉപജീവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൽ സാങ്കേതികവിദ്യയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സ്ത്രീപദവി ഉയർത്തുന്നതിനും സഹായകമാകുന്ന കാഴ്ചപ്പാട് ഉണ്ടാക്കുകയും ചെയ്യുക എന്നതാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്.
രണ്ടു വാർഡുകൾ സംയുക്തമായാണ് ഓരോ ഞായറാഴ്ചയും സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. മൂന്നാം വാർഡിനൊപ്പം പതിനേഴാം വാർഡിലെയും അംഗങ്ങൾ പങ്കെടുത്തത് കൂടുതൽ പേരെ പരിചയപ്പെടാനും അടുത്തിടപഴകാനും കുശലാന്വേഷണങ്ങൾ നടത്താനുമുള്ള വേദി കൂടിയായി.
സ്കൂൾ വിദ്യാഭ്യാസകാലത്തെ അനുസ്മരിക്കുന്ന രീതിയിലാണ് 'ക്ലാസ്സുകൾ ക്രമീകരിച്ചിട്ടുള്ളത്. രാവിലെ അസംബ്ലിയും അതിൽ കുടുംബശ്രീ മുദ്രാഗീതവും മറ്റു ചടങ്ങുകളും നടത്തി. പിന്നീട് വിവിധ വിഷയങ്ങളെ ആസ്പദമാക്കി അഞ്ച് പിരീഡും അതിൽ പരിശീലനം ലഭിച്ച അധ്യാപികമാരുടെ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ക്ലാസുകളും നടന്നു.
എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചും ചെറിയ ചെറിയ കലാപരിപാടികൾ നടത്തിയും ആടിയും പാടിയും ക്യാമ്പിനെ ഊർജ്ജസ്വലമാക്കി.
പഴയ സ്കൂൾ ജീവിതം ഓർമ്മപ്പെടുത്തുന്നതിനായി വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഐസും മിഠായിയും വിതരണം ചെയ്തത് നവ്യാനുഭവമായി.
രാവിലെ 9.30ന് ആരംഭിച്ച ക്ലാസ് വൈകുന്നേരം 4.30ന് സമാപിച്ചു തിരിച്ചു പോകുമ്പോൾ വീട്ടുജോലിയിലും മറ്റും വീർപ്പുമുട്ടിക്കഴിയുന്ന വനിതകൾക്ക് ആശ്വാസത്തിന്റെയും ആഘോഷത്തിന്റെയും പ്രതീതി സൃഷ്ടിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവഹിച്ചു. വാർഡ് മെമ്പർ ടി. കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. പതിനേഴാം വാർഡ് മെമ്പർ സുധാ സുരേഷ് ശുചിത്വ സന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സി.ഡി.എസ്. ചെയർപേഴ്സൺ ഷിജില സ്വാഗതം ആശംസിച്ചു. മൂന്നാം വാർഡിലെ കുടുംബശ്രീ യൂണിറ്റുകളായ ശലഭം, വർണ്ണം, ഉദയ, ഹരിത, ക്രസന്റ്, ഗ്രാമവേദി, അനശ്വര, പ്രാണ, ഉണർവ്, ചെമ്പകം, ജാസ്മിൻ എന്നിവയിൽ നിന്നായി 170 ഓളം വനിതകൾ പങ്കെടുത്തു.
#BacktoSchool #gathered #again #school #yard #dancing #singing