വടകര: (vatakaranews.in) നിയോജക മണ്ഡലത്തിലെ ഏറാമല പഞ്ചായത്തിലെ തിരുത്തിമുക്ക്, നാദാപുരം മണ്ഡലത്തിലെ എടച്ചേരി, കണ്ണൂർ ജില്ലയിലെ കിടഞ്ഞി എന്നീ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന തുരുത്തിമുക്ക് പാലത്തിൻ്റെ നിർമാണവുമായി ബന്ധപ്പെട്ട ഇൻവെസ്റ്റിഗേഷൻ നടപടികൾ പൂർത്തിയായതായി കെ.കെ രമ എം.എൽ.എ അറിയിച്ചു.
പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം 4.4 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം നിർമാണത്തിന്റെ ഇൻവെസ്റ്റിഗേഷൻ നടപടികൾ പൂർത്തിയാക്കിയത്. പാലത്തിന്റെ ഡിസൈനിങ് തയാറാക്കുന്നതിനായി ഇതുസംബന്ധിച്ച വിശദാംശങ്ങൾ തിരുവനന്തപുരത്തെ ഡൈസൈനിങ് വിഭാഗത്തിൽ സമർപ്പിച്ചിട്ടുണ്ട്.
ഡിസൈൻ പൂർത്തിയായ ശേഷം വിശദമായ എസ്റ്റിമേറ്റ് തയാറാക്കുകയും ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള തുടർനടപടികൾ കൈക്കൊള്ളുകയും വേണം.
ആഭ്യന്തര ടൂറിസത്തിന് ഏറെ സാധ്യതയുള്ളതും, ഏറാമല നിവാസികളുടെ ചിരകാല സ്വപ്നവും ആണ് പദ്ധതി പൂർത്തീകരണത്തിലൂടെ സാധ്യമാകാൻ പോകുന്നത്.
നാദാപുരം മണ്ഡലത്തിലെ എടച്ചേരിയും കൂത്തുപറമ്പ് മണ്ഡലത്തിലെ കിടഞ്ഞിയും ഏറാമല തുരുത്തിമുക്കും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു പാലം എന്നത് ഇവിടുത്തെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ്.
ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലെ 'വൈ' മോഡൽ പാലം എന്ന പ്രപ്പോസൽ നേരത്തെ തന്നെ സർക്കാരിന് മുൻപിലുണ്ടായിരുന്നു. പലകാരണങ്ങളാൽ ഇത് നിലച്ചുപോവുകയും എടച്ചേരിയേയും കിടഞ്ഞിയേയും മാത്രം ബന്ധിപ്പിക്കുന്ന നേർപാലമായി പദ്ധതി പരിമിതിപ്പെടുകയുമായിരുന്നു.
നോക്കിയാൽ കാണുന്ന മറുകരയിലേക്ക് റോഡ് മാർഗം പോകണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിക്കേണ്ട അവസ്ഥയാണ്. അതിനാൽ ആളുകൾക്ക് ഇപ്പോഴും കടത്തുതോണിയാണ് ആശ്രയം.
പ്രശ്‌നപരിഹാരത്തിന് നേരത്തെ പൊതുമരാമത്തു വകുപ്പ് മന്ത്രിയെ നേരിൽ കണ്ടുനിവേദനം നൽകുകയും, നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും ചെയ്തിരുന്നു.
ഈ സാമ്പത്തിക വർഷത്തെ ബജറ്റ് പ്രൊപ്പോസലിൽ മണ്ഡലത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായി ഇത് നിർദ്ദേശിക്കുകയും, ബജറ്റിൽ പാലത്തിനായി ടോക്കൺ എമൗണ്ട് വകയിരുത്തുകയും ചെയ്തിട്ടുണ്ട്.
നടുതുരുത്തി, ഏറാമലകോട്ട, മാഹി-വളപട്ടണം ജലഗതാഗതപാത, ഇതോടനുബന്ധിച്ചുവരുന്ന ബോട്ട്‌ജെട്ടി, കരിയാട്, കിടഞ്ഞി ഭാഗങ്ങളിലെത്തുന്ന തീരദേശ ഹൈവേ എന്നിവ വടകര മണ്ഡലത്തിലെ ടൂറിസത്തിന്റെ അനന്തസാധ്യതകൾ തുറക്കുന്ന പദ്ധതികളായിരിക്കും.
ഏറാമല തുരുത്തിമുക്കിനെ കൂടെ ബന്ധിപ്പിച്ചു പാലം വരുന്നതോടെ വലിയ ടൂറിസം സാധ്യതകളാണ് ഇവിടെ തുറക്കുന്നത്. ഇതുകൂടെ മുൻപിൽ കണ്ടുവേണം പാലം രൂപകൽപന ചെയ്യപ്പെടേണ്ടതെന്നു ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുള്ളതായും എം.എൽ.എ പറഞ്ഞു.
വൈകാതെ തന്നെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിൽ സമർപ്പിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുന്നതാണ്. ഏറെ വൈകാതെ തന്നെ തുരത്തിമുക്ക് പാലം എന്ന നമ്മുടെ ആഗ്രഹം സഫലീകരിക്കപ്പെടും എന്ന് പ്രതീക്ഷിക്കാമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
#thuruthimukkBridge #KKRamaMLA #investigation #process #completed