വടകര: മരണത്തിനു മുൻപേ ഓടിയെത്തുന്നവർ…മരണത്തെ ഓടി തോൽപ്പിച്ച ചോമ്പാല സ്റ്റേഷനിലെ പൊലീസുകാർക്ക് അഭിനന്ദന പ്രവാഹം. ഒപ്പം സോഷ്യൽ മീഡിയയിൽ വൈറലായി സംഭവം വിവരിച്ചുളള അജീഷ് വാഴയിലിൻ്റെ കുറിപ്പും. ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ്റെ ജീവൻ രക്ഷിക്കാൻ മൂന്ന് പൊലീസുകാർ നടത്തിയ സാഹസിക ശ്രമമാണ് മാതൃകയായത്.
അച്ഛൻ്റെയും സഹോദരിയുടെയും ജീവൻ നഷ്ടപ്പെട്ട അസ്വസ്ഥതകളിൽ നിന്ന് ആ യുവാവിനെ വീണ്ടും ജീവിതത്തിലേക്ക് കരകയറ്റിയ സംഭവത്തെ കുറിച്ചുള്ള ആ കുറിപ്പ് വായിക്കാം.
ഇന്നലെ (14.02.24) ഉച്ചയ്ക്കാണ് കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സതീശൻ എന്ന പോലീസുകാരൻ ചോമ്പാല പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഒരു പതിനെട്ടുകാരൻ പയ്യനെ കാണാതായതായും, അവന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ മാഹി ഭാഗത്താണ് കാണിക്കുന്നത് എന്നും അറിയിച്ചത്.
നട്ടുച്ച നേരമാണെങ്കിലും ചോമ്പാല സ്റ്റേഷൻ ജീപ്പ് അഴിയൂർ ഭാഗത്ത് നേഷണൽ ഹൈവേയിൽ പട്രോളിംങ്ങിലാണ്, ഒരു നിമിഷം പോലും വെറുതെ കളയാതെ സ്റ്റേഷനിൽ നിന്നും ജീപ്പിൽ ഡ്യൂട്ടിയിലുള്ള SI പ്രശോബ് സാറിനെ വിവരമറിയിക്കുന്നു, കൂടെയുള്ള പോലീസുകാരൻ ചിത്രദാസിന്റെയും, സജിത്തിന്റെയും ഫോണിലേക്ക് കൊയിലാണ്ടി സ്റ്റേഷനിൽ നിന്നും കാണാതായ കുട്ടിയുടെ ഫോട്ടോ അയക്കുന്നു…
ഫോട്ടോയിലെ കുട്ടിയെയും തിരഞ്ഞ് മാഹി റെയിൽവേ സ്റ്റേഷനിൽ എത്തിയ അവർ, സ്റ്റേഷനിലെ പരിചിതർക്ക് കുട്ടിയുടെ ഫോട്ടോ കാണിക്കുന്നതിനിടയിൽ വടക്ക് ഭാഗത്ത് നിന്നും ചൂളം വിളിച്ചു കൊണ്ട് ട്രെയിൻ വരുന്നത് കാണാം..
പെട്ടെന്നാണ് ഒരു കുട്ടി റെയിൽപാളത്തിലേക്ക് ഓടിപ്പോകുന്നത് അവർ കാണുന്നത്… തങ്ങളുടെ മുൻപിലൂടെ ഓടിപ്പോകുന്ന ആ കുരുന്നു ജീവനു പിന്നാലെ തങ്ങളുടെ സർവ്വ കരുത്തുമായി അവരും കുതിച്ചു പാഞ്ഞു.. ഒരു കൊലവിളി പോലെ,ട്രെയിൻ പിന്നിൽ നിന്നും വീണ്ടും ചൂളം വിളിച്ചു…
വിസിലടിച്ചും, ബഹളം വെച്ചും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിച്ചെങ്കിലും, പോലീസ് ഓടിക്കുന്നവൻ കള്ളനോ, കഞ്ചാവോ മറ്റോ ആയിരിക്കുമെന്ന മുൻവിധി കാരണമാകാം ആരും കുട്ടിയെ പിടിക്കാൻ തയ്യാറായില്ല.. റെയിൽവേ ഓവർബ്രിഡ്ജിന്റെ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾ പോലീസ് ഓടി വരുന്നത് കണ്ട് കുട്ടിയെ തടയാൻ ശ്രമിച്ചപ്പോൾ കുട്ടി അവരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു..
പൊതുവെ, ട്രെയിനുകൾക്ക് സ്റ്റോപ്പ് കുറവായ മാഹി റെയിൽവേ സ്റ്റേഷനിൽ പക്ഷെ ആ ട്രെയിനിനു സ്റ്റോപ്പ് ഉണ്ടായിരുന്നു… ട്രെയിൻ മാഹി റെയിൽവേ സ്റ്റേഷനിൽ നിർത്തിയ ആ ഒന്നോ, രണ്ടോ മിനുട്ട് ഒരു ജീവൻ രക്ഷിക്കാൻ അവർക്ക് ധാരാളമായിരുന്നു..
കരിങ്കൽ കഷണങ്ങൾ നിറഞ്ഞ റെയിൽവേ ട്രാക്കിലെ ദുർഘട പാതയിലൂടെ, ഓടി തങ്ങൾ ധരിച്ച ഷൂസുകൾ കീറി കാൽ വേദനിച്ചെങ്കിലും ട്രെയിൻ എത്തും മുൻപേ കുട്ടിയുടെ അടുത്തെത്തി ബലം പ്രയോഗിച്ചു തന്നെ അവനെ ട്രാക്കിൽ നിന്നും മാറ്റാൻ കഴിഞ്ഞു..
ദിവസങ്ങൾക്കു മുൻപ് ജീവനൊടുക്കിയ സഹോദരിയുടെയും, അതിനും കുറച്ചു മുൻപ് അകാലത്തിൽ പൊലിഞ്ഞുപോയ അച്ഛന്റെയും വേർപാടും, മറ്റ് അസ്വസ്ഥമായ സാഹചര്യങ്ങളും ഒരു നിഷ്കളങ്ക കൗമാരത്തിന് ആത്മഹത്യയെ പറ്റി ചിന്തിക്കാൻ മതിയായ കാരണമാകാം...
പക്ഷെ... ജീവിതത്തോട് ഒറ്റയ്ക്ക് പൊരുതിയും, അസ്വസ്ഥത ഉണ്ടാക്കുന്നവരോട് കലഹിച്ചും ജീവിതവിജയം നേടിയവരുടെ കഥകൾ പറഞ്ഞുകൊടുത്തു കൊണ്ടാണ് പോലീസ് കുട്ടിയെ ബന്ധുക്കളെ ഏൽപ്പിച്ചത്..
അവനെ ജീവിതത്തിന്റെ ട്രാക്കിലേക്ക് തിരിച്ചു കൂട്ടിക്കൊണ്ടുവരുമ്പോൾ അടുത്ത ട്രാക്കിലൂടെ ചൂളം വിളിച്ചു കൊണ്ട് മംഗലാപുരം -കോയമ്പത്തൂർ ട്രെയിൻ കടന്നു പോകുന്നുണ്ടായിരുന്നു…
നേരത്തെ കൊലവിളിയായി തോന്നിയ ചൂളംവിളി അപ്പോൾ ആശ്വാസത്തിന്റെ സൈറൺ ആയി അനുഭവപ്പെട്ടിട്ടുണ്ടാകും, മരണമെത്തും മുൻപേ ഓടിയെത്തിയ പ്രിയപ്പെട്ട പ്രശോബ് സാറിനും, ചിത്രദാസിനും, സജിത്ത്.പി.ടി ക്കും അഭിനന്ദനങ്ങൾ. -അജീഷ് വാഴയിൽ
#Defeated #death #Appreciation #flow #policemen #Chombala