അഴിയൂർ :(vatakara.truevisionnews.com) കാൽ നൂറ്റാണ്ട് മുമ്പത്തെ ഓർമ്മകൾക്ക് പുനർജന്മം, ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും പുളിയച്ചാറും തൊണ്ടക്കുഴലുമായി ബാലേട്ടന്റെ പീടിക പുനർജനിച്ചു,
അഴിയൂർ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമവും അനുമോദനവും വേറിട്ടതായി.
സ്കൂൾ ഇടവേളകളിൽ പഴയ നാണയത്തുട്ടുകളുമായി കൂട്ടമായി ഓടിച്ചെന്ന് ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും പുളിയച്ചാറും തൊണ്ടക്കുഴലും വാങ്ങി കഴിച്ച ബാലേട്ടന്റെ പീടികയുടെ ഓർമ്മകൾ പുനരാവിഷ്കരിച്ച് അഴിയൂർ ഹൈസ്കൂൾ 1997 എസ്എസ്എൽസി ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമവും വിദ്യാർത്ഥികൾക്കുള്ള അനുമോദനവും വ്യത്യസ്തമായ അനുഭവമായി.
ജിജെബി സ്കൂളിൽ നടന്ന പരിപാടി അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. സംഗമത്തോടനുബന്ധിച്ചാണ് ബാലേട്ടന്റെ പീടിക പുനരാവിഷ്കരിച്ചത്.
ഉപ്പും മുളകും പുരട്ടിയ പുളിനാരങ്ങയും സബർ ജില്ലിയും കഴിച്ച രണ്ടര പതിറ്റാണ്ട് പിന്നിട്ട പഴയകാല ഓർമ്മകളിലേക്ക് ബാലേട്ടൻ്റെ പീടിക പൂർവ്വ വിദ്യാർത്ഥികളെ കൊണ്ട് പോയി. അഴിയൂർ ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്തെ അഞ്ചാംപീടികയിൽ ബാലേട്ടൻ്റെ പീടിക മാറ്റങ്ങളോടെ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
1997ൽ 10 ബി ക്ലാസ് അധ്യാപകനായിരുന്ന സുരേന്ദ്രൻ മാസ്റ്ററെ യോഗത്തിൽ ആദരിച്ചു. പൂർവ്വവിദ്യാർത്ഥികളുടെയും മക്കളുടെയും വിവിധ കലാകായിക പരിപാടികൾ അരങ്ങേറി.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. വിവിധ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് സാലിം പുനത്തിൽ, അഷ്ക്കർ കെ എം, അഫ്സൽ കെ വി എന്നിവരെ മെമൻ്റോ നൽകി ആദരിച്ചു.
അഴിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗവും പൂർവ്വ വിദ്യാർത്ഥിയുമായ സാലിം പുനത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മനാഫ് പേരാമ്പ്ര, നൂറുദ്ദീൻ, ഹഫ്സിന, ഷഹന, റൗഷിന, സാഫിന, റോഷ്ന സി വി, ദിവ്യ, ഷഹീന തുടങ്ങിയ വിദ്യാർത്ഥികൾ നേതൃത്വം നൽകി. പ്രോഗ്രാം കമ്മിറ്റി കൺവീനർ അഫ്സൽ കെ വി സ്വാഗതവും ജസീല പി നന്ദിയും പറഞ്ഞു.
#Memories #Reborn #Azhiyur #Higher #Secondary #School #Alumni #Meet